തമിഴ് സൂപ്പർ താരം വിജയ്‌യുടെ 67 ചിത്രങ്ങളിലെയും കഥാപാത്രങ്ങളെ ക്യാൻവാസിലാക്കി ആരാധകൻ. വിജയുടെ ആദ്യ ചിത്രമായ നാളയ തീർപ്പ് മുതൽ പ്രദർശനം തുടരുന്ന ലിയോ വരെയുണ്ട് ആരാധകനായ ബൈജുവിന്റെ ക്യാൻവാസിൽ. പെയിന്റിംഗ് തൊഴിലാളിയായ ബൈജു കഴിഞ്ഞ വർഷം വിജയുടെ പിറന്നാളിൽ തുടങ്ങിയതാണ് ഈ ശ്രമം. 16 മാസത്തിന് ശേഷം പൂർത്തീകരിച്ചു. കാസർകോഡ് ബേക്കൽ പള്ളിക്കര സ്വദേശിയാണ് ബൈജു.
വരച്ച ചിത്രങ്ങളെല്ലാം വിജയ്ക്ക് സമ്മാനിക്കണമെന്നാണ് ബൈജുവിന്റെ ആഗ്രഹം. ചെറുപ്പത്തിൽ വീടിന് തൊട്ടടുത്തുള്ള ആഞ്ജനേയ തീയറ്ററിലെ സ്‌ക്രീനിൽ കണ്ടുതുടങ്ങിയതാണ് ബൈജു വിജയെ. ആ തിയേറ്റർ ഇന്നില്ലെങ്കിലും വിജയ്‌യോടുള്ള ആരാധനയ്ക്കും സ്നേഹത്തിനും ഒരു മാറ്റവുമില്ല.



















