പാകിസ്ഥാന്റെ വഴികൾ അടയുന്നു; നാടകീയ ജയത്തോടെ സെമി വക്കിൽ ദക്ഷിണാഫ്രിക്ക

Oct 28, 2023

seena

ചെന്നൈ: അവസാന നിമിഷം വരെ ആവേശം. ജയ പരാജയങ്ങൾ മാറി മറിഞ്ഞു. ഒടുവിൽ കേശവ് മഹാരാജിന്റെ ബൗണ്ടറിയിൽ നാടകീയ വിജയം. ലോകകപ്പിൽ സെമിയോടു കൂടുതൽ അടുത്ത് ദക്ഷിണാഫ്രിക്ക. തുടർച്ചയായ നാലാം തോൽവിയോടെ നില പരുങ്ങലിലായി പാകിസ്ഥാൻ. ഒറ്റ വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക വിജയം പിടിച്ചത്.
ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ 270ന് എല്ലാവരും പുറത്ത്. ദക്ഷിണാഫ്രിക്ക 47.2 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 271 റൺസെടുത്ത് വിജയിച്ചു. ജയത്തോടെ അവർ ഒന്നാം സ്ഥാനത്തേക്ക് കയറി. സെമി സാധ്യതയും സജീവമാക്കി.

93 പന്തില്‍ 91 റണ്‍സെടുത്ത എയ്ഡന്‍ മാര്‍ക്രം മികച്ച ബാറ്റിങുമായി കളം നിറഞ്ഞു ജയത്തിനു അടിത്തറയിട്ടു. താരം ഏഴ് ഫോറും മൂന്ന് സിക്‌സും തൂക്കി. ക്യാപ്റ്റന്‍ ടെംബ ബവുമ (28), ക്വിന്റന്‍ ഡി കോക്ക് (24), വാന്‍ ഡെര്‍ ഡുസന്‍ (21), ഡേവിഡ് മില്ലര്‍ (29), മാര്‍ക്കോ ജെന്‍സന്‍ (20) എന്നിവരും ടീമിനായി തിളങ്ങി.

സ്‌കോര്‍ 250ല്‍ നില്‍ക്കെ എഴാം വിക്കറ്റും എട്ടാം വിക്കറ്റും വീണ് ഒരുവേള ദക്ഷിണാഫ്രിക്ക പരുങ്ങിയിരുന്നു. 260ല്‍ അവര്‍ക്ക് ഒന്‍പതാം വിക്കറ്റും നഷ്ടമായി. എന്നാല്‍ ടബ്‌രിസ് ഷംസി, കേശവ് മഹാരാജ് സഖ്യം കൂടുതല്‍ നഷ്ടം വരുത്താതെ ടീമിനെ കരകയറ്റുകയായിരുന്നു.

ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാൻ 46.4 ഓവറിൽ 270ന് എല്ലാവരും പുറത്തായി. സൗദ് ഷക്കീലിന്റേയും ക്യാപ്റ്റൻ ബാബർ അസമിന്റേയും ഹാഫ് സെഞ്ച്വറി പോരാട്ടമാണ് പാകിസ്ഥാനെ മെച്ചപ്പെട്ട സ്കോറിലേക്ക് എത്തിച്ചത്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്ഥാന്റെ തുടക്കം മോശമായിരുന്നു. ഓപ്പണര്‍മാരായ അബ്ദുല്ല ഷഫീഖ് (9), ഇമാം ഉള്‍ ഹഖ് (12) എന്നിവരെയാണ് ആദ്യം നഷ്ടമായത്. ഇഫ്തിഖര്‍ അഹമ്മദ് ഒരു സിക്‌സും ഫോറും സഹിതം 21 റണ്‍സുമായി മടങ്ങി. തുടർന്ന് ക്രീസിൽ എത്തിയ ബാബർ അസം 65 പന്തില്‍ നാല് ഫോറും ഒരു സിക്‌സും സഹിതം 50 റണ്‍സെടുത്തു. മുഹമ്മദ് റിസ്വാന്‍ 31 റണ്‍സുമായി മടങ്ങി.

ആറാം വിക്കറ്റില്‍ ക്രീസില്‍ ഒന്നിച്ച സൗദ് ഷക്കീല്‍- ഷദബ് ഖാന്‍ സഖ്യമാണ് മികച്ച സ്കോറിലേക്ക് ടീമിനെ എത്തിച്ചത്. ഇരുവരും ചേര്‍ന്നു 84 റണ്‍സ് ചേര്‍ത്താണ് ടീമിനെ രക്ഷിച്ചത്. അഞ്ചിനു 141 റണ്‍സെന്ന നിലയിലാണ് ഇരുവരും ഒന്നിച്ചത്. സൗദ് 52 പന്തില്‍ ഏഴ് ഫോറുകള്‍ സഹിതം 52 റണ്‍സെടുത്തു. ഷദബ് ഖാന്‍ 36 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും സഹിതം 43 റണ്‍സും കണ്ടെത്തി. സ്പിന്നർ ടബ്‌രിസ് ഷംസി 60 റൺസ് വഴങ്ങി നാല് വിക്കറ്റുകൾ വീഴ്ത്തി. മാർക്കോ ജെൻസൻ മൂന്നും ജെറാൾഡ് കോറ്റ്സി രണ്ടും വിക്കറ്റുകളും സ്വന്തമാക്കി.

cake tower new
LATEST NEWS