കൽപറ്റ: വയനാട് ചപ്പാരം കോളനിയിലെ ഏറ്റുമുട്ടലിനു പിന്നാലെ, മാവോയിസ്റ്റ് വിരുദ്ധ നീക്കം ശക്തമാക്കി പോലീസ്. കസ്റ്റഡിയിലെടുത്ത രണ്ടുപേരെ വിശദമായി ചോദ്യം ചെയ്യുകയാണ്. ഓടിരക്ഷപ്പെട്ട രണ്ടു വനിത മാവോയിസ്റ്റുകൾക്കായി പെരിയയിലെ ഉൾക്കാടുകളിൽ തിരച്ചിലും ഊർജിതമാക്കിയിട്ടുണ്ട്.
ബാണാസുര ദളത്തിലെ കമാൻഡർ ചന്ദ്രു, ഉണ്ണിമായ എന്നിവരെയാണ് തണ്ടർബോൾട്ട് ഇന്നലെ പിടികൂടിയത്. ചപ്പാരം കോളനിയിലെ അനീഷിന്റെ വീട്ടിൽ രാത്രി എത്തിയതായിരുന്നു നാലംഗ സായുധസംഘം. മൊബൈൽ ഫോണുകൾ ചാർജിന് വെച്ച് ഭക്ഷണം കഴിക്കാൻ ഒരുങ്ങിയപ്പോൾ തണ്ടർബോൾട്ട് സംഘം വീട് വളഞ്ഞു. മാവോയിസ്റ്റുകളോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടു. പിന്നാലെ ഏറ്റുമുട്ടലുണ്ടായി. തുടർന്നാണ് ചന്ദ്രു, ഉണ്ണിമായ എന്നിവർ പിടിയിലായത്. ഇവരുടെ കൂട്ടത്തിലുണ്ടായിരുന്ന ലതയും സുന്ദരിയും കാട്ടിലേക്ക് ഓടിമറഞ്ഞു. ഇവർക്ക് വെടിയേറ്റിട്ടുണ്ടോ എന്ന് പൊലീസ് സംശയം ഉന്നയിക്കുന്നുണ്ട്.
പിടിയിലായ പ്രതികൾക്ക് എതിരെ യുഎപിഎ ചുമത്തി. നിലവിൽ 4 തോക്കുകൾ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവയെല്ലാം വിവിധ സേനാവിഭാഗങ്ങളിൽ നിന്ന് അപഹരിച്ചതാണ്. തോക്കുകളുടെ ബാലിസ്റ്റിക് പരിശോധന ഇന്ന് പൂർത്തിയാക്കും.



















