എഐ ക്യാമറയെ കൂസിയില്ല; നിയമലംഘനം നടത്തിയത് 147 തവണ; 23കാരന്റ പിഴ 86,500; ലൈസന്‍സ് റദ്ദ് ചെയ്തു

Nov 10, 2023

seena

കണ്ണൂര്‍: എഐ ക്യാമറയെ കൂസാതെ നിയമലംഘനം നടത്തിയ യുവാവിന് 86,500 രൂപ പിഴ. 23 കാരനായ കണ്ണൂര്‍ സ്വദേശി 147 തവണയാണ് നിയമലംഘനം നടത്തിയത്. ജൂലായ് ആറ് മുതലാണ് യുവാവ് നിയമലംഘനം നടത്തി ബൈക്ക് യാത്ര തുടങ്ങിയതെന്നും ഇത് മൂന്ന് മാസത്തോളം തുടര്‍ന്നതായും മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ചിലസമയങ്ങളില്‍ ഒറ്റയ്ക്ക് യാത്ര ചെയ്താണ് നിയമലംഘനം നടത്തിയതെങ്കില്‍ പലപ്പോഴും സുഹൃത്തുക്കള്‍ക്കൊപ്പം ട്രിപ്പിള്‍ അടിച്ചും നിയമം ലംഘിച്ചതായി കണ്ണൂര്‍ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ഷീബ എംസി പറഞ്ഞു. യുവാവിന് പിഴയടക്കാന്‍ നോട്ടീസ് മൊബൈലില്‍ ലഭിച്ചിട്ടും ഇതൊന്നും യുവാവ് കാര്യമാക്കിയില്ല. തുടര്‍ന്ന് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ നേരിട്ട് വീട്ടിലെത്തി നടപടിയെടുക്കുകയായിരുന്നു.

കണ്ണൂര്‍ ചെറുകുന്ന് സ്വദേശിയായ 23കാരനാണ് പലതവണയായി നിയമലംഘനം നടത്തിയത്. യുവാവിന്റെ ലൈസന്‍സ് ആറ് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തതായി ആര്‍ടിഒ പറഞ്ഞു. ഹെല്‍മറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ചതിനും മൂന്നുപേരുമായി ബൈക്കില്‍ യാത്ര ചെയ്തതിനും പിന്‍സീറ്റിലെ യാത്രക്കാരന്‍ ഹെല്‍മറ്റ് ധരിക്കാത്തതിനുമാണ് കൂടുതലായും യുവാവിന് പിഴ ലഭിച്ചത്.ഇത്തരത്തില്‍ മൂന്നു മാസത്തനിടെ 147 തവണയാണ് പഴയങ്ങാടിയിലെ എഐ ക്യാമറയില്‍ യുവാവ് കുടുങ്ങിയത്. നോട്ടീസ് വന്നിട്ടും പിഴയടച്ചില്ലെന്ന് മാത്രമല്ല അതേ ക്യാമറക്ക് മുന്നില്‍ ബൈക്കിലെത്തി പലതവണയായി അഭ്യാസ പ്രകടനങ്ങളും യുവാവ് നടത്തിയിരുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇത്രയധികം നോട്ടീസ് ലഭിച്ചിട്ടും പിഴയടക്കാത്തതിന്റെ കാരണം തേടിയാണ് ഉദ്യോഗസ്ഥര്‍ യുവാവിനെ തേടി വീട്ടിലെത്തിയത്. ഉദ്യോഗസ്ഥരെ കണ്ടതോടെ വീട്ടില്‍നിന്ന് യുവാവ് മുങ്ങാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. നിയമലംഘനം ആവര്‍ത്തിച്ച് നടത്തിയതിന് ഒരു ബൈക്കിന്റെ വില തന്നെ നല്‍കേണ്ട അവസ്ഥയിലാണ് യുവാവെന്നും നോട്ടീസ് ലഭിച്ചാല്‍ പിഴ അടയ്ക്കണമെന്നും നിയമലംഘനം ആവര്‍ത്തിക്കരുതെന്നും എല്ലാവര്‍ക്കും മുന്നറിയിപ്പാണ് ഈ സംഭവമമെന്നും ഷീബ എംസി പറഞ്ഞു. ബൈക്ക് വിറ്റാല്‍ പോലും പിഴ അടക്കാന്‍ കഴിയില്ലെന്ന സങ്കടമാണ് ഉദ്യോഗസ്ഥരുടെ മുന്നിലകപ്പെട്ട യുവാവ് സങ്കടത്തോടെ പറഞ്ഞതെന്നും പിഴ അടക്കാതെ മറ്റു മാര്‍ഗങ്ങളില്ലെന്നും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

cake tower new
LATEST NEWS