സിനിമാ റിവ്യൂ ബോംബിങ് തടയണമെന്ന ഹർജി; ഹൈക്കോടതി ഇന്ന് പരിഗണിക്കും

Nov 21, 2023

കൊച്ചി: സിനിമാ റിവ്യൂ ബോംബിംഗ് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സംവിധായകൻ മുബീൻ റൗഫ് ആണ് ഹർജിക്കാരൻ. വിഷയത്തിൽ കേന്ദ്ര സർക്കാർ ഇന്ന് നിലപാട് അറിയിച്ചേക്കും.അനുയോജ്യമായ അധികാര സ്ഥാപനം വിഷയം പരിഗണിക്കുന്നുണ്ടെന്നാണ് കേന്ദ്ര സർക്കാരിന്റെ അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചത്.

സിനിമകൾക്കെതിരെ സാമൂഹിക മാധ്യമങ്ങൾ വഴി അജ്ഞാത റിവ്യൂ പ്രചരിപ്പിക്കുന്നതിനെതിരെ കർശന നടപടിയെടുക്കണമെന്നാണ് ഹൈക്കോടതി നിർദേശം. റിവ്യൂ ബോംബിംഗ് നിയന്ത്രണ വിധേയമാണെന്നാണ് അമിക്കസ് ക്യൂറി ഹൈക്കോടതിയെ അറിയിച്ചത്. സെപ്റ്റംബർ മാസം റിലീസിനെത്തിയ ‘ആരോമലിന്റെ ആദ്യത്തെ പ്രണയം’ എന്ന ചിത്രത്തിന്റെ സംവിധായകനാണ് മുബീൻ റൗഫ്. ഒരു സംഘം ആളുകളുടെ വർഷങ്ങളോളം നീണ്ട സ്വപ്നവും അധ്വാനവുമാണ് സിനിമ.

റിലീസ് ചെയ്ത് നിമിഷങ്ങൾക്കകം സിനിമ കാണുക പോലും ചെയ്യാതെ ഓൺലൈൻ പ്ലാറ്റഫോമുകളിലും സോഷ്യൽ മീഡിയയിലും നെഗറ്റീവ് റിവ്യൂകൾ പ്രചരിപ്പിക്കുന്നതിൽ നിയന്ത്രണം കൊണ്ടുവരണം എന്നാണ് ഹർജിയിലെ ആവശ്യം. റിലീസിന് മുൻപ് സിനിമയുടെ നിർമ്മാതാവിനെയും പിന്നണി പ്രവർത്തരെയും വിളിച്ച് നെഗറ്റീവ് റിവ്യൂ ഇടാതിരിക്കാൻ പണമാവശ്യപ്പെടുന്ന സ്ഥിതിയാണ് നിലവിലുള്ളതെന്നും ഹർജിക്കാരൻ ആരോപിക്കുന്നുണ്ട്. സമൂഹ മാധ്യമങ്ങളിലെ സിനിമ റിവ്യൂവിന് മാർഗ്ഗനിർദേശങ്ങൾ കൊണ്ടുവരികയും നിയന്ത്രണം നടപ്പിലാക്കുകയും ചെയ്യണമെന്ന് ഹർജിക്കാരൻ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.

LATEST NEWS