ദേശീയപാതയിലെ കടമ്പാട്ടുകോണം- കഴക്കൂട്ടം സെക്ഷനിലെ നിർമ്മാണത്തിൽ അംഗീകരിച്ച പദ്ധതി രൂപരേഖയിൽ മാറ്റങ്ങൾ ഒന്നും വന്നിട്ടില്ലല്ലോ എന്ന അഡ്വ. അടൂർ പ്രകാശ് എം.പി യുടെ ചോദ്യത്തിന് ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി ലോക്സഭയിൽ രേഖാമൂലം മറുപടി നൽകി. 3463 കോടി രൂപയാണ് ആകെ പദ്ധതി ചെലവ് എന്നും ഇതിൽ 1680 കോടി രൂപ സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഭൂമി വിട്ടു നൽകിയവർക്ക് നൽകിയതായും 159 കോടി രൂപനിർമാണപ്രവർത്തനങ്ങൾക്കായി ഇതുവരെ അനുവദിച്ചിട്ടുള്ളതായും മന്ത്രി മറുപടി നൽകി.
ദേശീയപാത 66 ലെ ഓരോ ഘട്ടത്തിലും നടക്കുന്ന അവലോകന യോഗങ്ങളിൽ ഉയർന്നു വരുന്ന പരാതികൾ പരിഹരിച്ച് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത രീതിയിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. വിവിധ പ്രദേശങ്ങളിലെ ആവശ്യങ്ങളും നിർദേശങ്ങളും പരിഗണിച്ച് കല്ലമ്പലം ജംഗ്ഷൻ, തിരുവാറാട്ടുകാവ് ദേവീക്ഷേത്രം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പദ്ധതി വ്യാപ്തിയിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

















