ആറ്റിങ്ങൽ: പഞ്ചാബിൽ നടന്ന ദേശീയ സ്കൂൾ ഗെയിംസ് കരാട്ടെ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് വെള്ളിമെഡൽ നേടി തിരിച്ചെത്തിയ ഫെമിദ ഹാജത്തിന് സ്കൂളിൽ ഊഷ്മളമായ സ്വീകരണം നൽകി. ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വ. എസ്. കുമാരി ഹാരം അണിയിച്ച് അനുമോദിച്ചു. 19 വയസ്സിന് താഴെയുള്ള സീനിയർ പെൺകുട്ടികളുടെ 32 കിലോഗ്രാം വിഭാഗത്തിലാണ് അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ എട്ടാം ക്ലാസുകാരിയായ ഫെമിദ വെള്ളി മെഡൽ നേടിയത്.
ഈ മത്സരത്തിൽ കേരളം നേടിയ ഒരേയൊരു വെള്ളി മെഡൽ ഫെമിദയുടെ പേരിലാണ്. ഫെമിദയുടെ സഹോദരി ഫിദയും ദേശീയ ചാമ്പ്യഷിപ്പിൽ പങ്കെടുത്ത് വെങ്കല മെഡൽ നേടുകയുണ്ടായി. അധ്യാപകരായ അനീഷ് – ജസ്ന ദമ്പതിമാരുടെ മക്കളാണ് ഫെമിദയും ഫിദയും. സംസ്ഥാന തല മത്സരത്തിൽ സ്വർണ മെഡൽ നേടിയാണ് ഫെമിദ ദേശീയ മത്സരത്തിന് യോഗ്യത നേടിയത്. അവനവഞ്ചേരി ഗവ. ഹൈസ്കൂളിൽ സംഘടിപ്പിച്ച സ്വീകരണ യോഗത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ ജി.എൽ. നിമി, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.

















