തിരുവനന്തപുരം വർക്കല പനയറ തൃപ്പൂരിട്ടക്കാവ്ക്ഷേത്രത്തിൽ രാത്രി 12 മണിയോടെയാണ് മോഷണം നടന്നത്.ക്ഷേത്രത്തിന്റെ ഓട് ഇളക്കിയാണ് മോഷ്ടാവ് നാലമ്പലത്തിനുള്ളിൽ പ്രവേശിച്ചത്. ക്ഷേത്ര സന്നിധിയിൽ സ്ഥാപിച്ചിട്ടുള്ള 2 വഞ്ചികളും കുത്തി തുറന്ന് കവർച്ച നടത്തിയിട്ടുണ്ട്. കൂടാതെ ചുറ്റമ്പലത്തിന് പുറത്ത് നാഗരുടെ മുന്നിലുള്ള വഞ്ചിയും കുത്തി തുറന്ന് കവർച്ച നടത്തി. ക്ഷേത്രം പൂജാരി രാവിലെ എത്തുമ്പോഴാണ് വഞ്ചികൾ കുത്തി പൊളിച്ച നിലയിൽ കണ്ടത്. തുടർന്ന് ക്ഷേത്ര ഭാരവാഹികളെ അറിയിച്ചു. വിവരം അറിഞ്ഞെത്തിയ അയിരൂർ പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. നീളമുള്ള കമ്പി ചൂൽ ഉപയോഗിച്ച് ഓട് ഇളക്കുകയും കൊടുവാൾ ഉപയോഗിച്ചാണ്
വഞ്ചികൾ കുത്തി പൊളിച്ചതെന്നും പൊലീസ് പറഞ്ഞു. 15000 രൂപയോളം നഷ്ടപ്പെട്ടതായി ആണ് പ്രാഥമിക വിവരം. ഇക്കഴിഞ്ഞ ഒക്ടോബർ 6 ന് രാത്രിയിലും ഇതേ ക്ഷേത്രത്തിൽ മോഷണം നടന്നിരുന്നു. കമ്പി പാരയും കുന്താലിയും വടിവാളുമായി ഉള്ളിൽ പ്രവേശിച്ചു കവർച്ച നടത്തിയ മോഷ്ടാവ് കൊല്ലം തങ്കശ്ശേരി ഇത്താക്കിൽ നഗർ വീട്ടിൽ ജോയ് (49) ഇപ്പോൾ ജയിലാണ്.

















