കൊച്ചി: സ്പീക്കറിനുള്ളിലും മറ്റുമായി ഒളിപ്പിച്ചു കൊണ്ടു വന്ന ഒന്നേകാല്‍ കോടിയിലേറെ രൂപ വിലവരുന്ന സ്വര്‍ണം കൊച്ചി രാജ്യാന്തരവിമാനത്താവളത്തില്‍ കസ്റ്റംസ് പിടി കൂടി. ഷാര്‍ജയില്‍ നിന്നും വന്ന പാലക്കാട് സ്വദേശി റഫീഖില്‍ നിന്നുമാണ് സ്വര്‍ണം പിടി കൂടിയത്.
ഇയാളുടെ ബാഗേജ് സ്ക്രീന്‍ ചെയ്തപ്പോഴാണ് സ്പീക്കറിനകത്ത് സംശയാസ്പദമായ രീതിയില്‍ എന്തോ ഉള്ളതായി കണ്ടെത്തിയത്. തുടര്‍ന്ന് ഇത് പൊളിച്ച് നോക്കിയപ്പോഴാണ് 1599 ഗ്രാം സ്വര്‍ണം ഇതില്‍ ഒളിപ്പിച്ചതായി കണ്ടെത്തിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ഇയാളുടെ സംഘത്തില്‍ ഇനിയും കൂടുതല്‍ പേരുണ്ടോയെന്നതുള്പ്പെടെ അന്വേഷണം വ്യാപിപ്പിച്ചതായി കസ്റ്റംസ് അറിയിച്ചു.

















