അഞ്ചുതെങ്ങ്: പൊതു ശ്മശാനം വേണമെന്ന ആവിശ്യത്തോട് കാലങ്ങളായ് മുഖം തിരിക്കുന്ന നടപടിയാണ് ചിറയിൻകീഴ്, അഞ്ചുതെങ്ങ്, കടയ്ക്കാവൂർ, വക്കം ഗ്രാമ പഞ്ചായത്തുകളും സ്വീകരിച്ചിട്ടുള്ളത്. പ്രധാനമായും പൊതു ശ്മശാനം നിർമ്മിയ്ക്കുവാൻ ഭൂമി കണ്ടെത്താൻ കഴിയിന്നില്ലെന്നും അഥവാ കണ്ടെത്തിയാൽ സമീപ വാസികളിൽനിന്നും പദ്ധതിക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്ന വാദമുയർത്തിയാണ് പലപ്പോഴും ഈ ആവിശ്യത്തെ ഗ്രാമ പഞ്ചായത്തുകൾ അവഗണിയ്ക്കുന്നത്.
എന്നാൽ, പൊതു ശ്മശാനം നിർമ്മിയ്ക്കുവാൻ ഭൂമി കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ ഇതിന് പരിഹാര മാർഗ്ഗമെന്നോണം, ഗ്രാമ പഞ്ചായത്തുകൾ സഞ്ചരിക്കുന്ന പൊതു ശ്മശാനം വാങ്ങുവാൻ തയ്യാറാകണമെന്ന ആവശ്യവുമായി സാമൂഹ്യ പ്രവർത്തകനായ അഞ്ചുതെങ്ങ് സജൻ കഴിഞ്ഞ 2022 ൽ രംഗത്ത് വന്നിരുന്നു. ഈ ആവിശ്യത്തോടും നിലവിൽ അധികൃതർ മുഖം തിരിക്കുന്ന അവസ്ഥയാണ്.
മഴക്കാലങ്ങളിൽ അടിയ്ക്കടി വെള്ളപ്പൊക്ക ഭീഷണി നിലനില്‍ക്കുന്ന മേഖലകളാണ് ഈ നാല് പഞ്ചായത്തുകളിലെയും ഒട്ടുമിക്ക പ്രദേശങ്ങളും. ഇവയിൽ ഭൂരിപക്ഷം പ്രദേശങ്ങളിലും വെള്ളം കയറിക്കഴിഞ്ഞാല്‍ ആഴ്ചകളോളമാണ് മലിനജലം തങ്ങി നില്‍ക്കുന്നത് ഇത്തരം സന്ദര്‍ഭങ്ങളില്‍ മരണപ്പെടുന്നവരുടെ മൃതദേഹങ്ങള്‍ മത-ആചാര പ്രകാരം ദഹിപ്പിയ്ക്കുവാനോ മറവ് ചെയ്യുവാനോ കഴിയാത്ത ദയനീയ അവസ്ഥയാണ് നിലനിൽക്കുന്നത്.
മാത്രവുമല്ല സ്വന്തമായി ഭൂമിയില്ലാത്തവരും ഉള്ളഭൂമിയില്‍ അതിനുള്ള സൗകര്യങ്ങള്‍ ഒരുക്കുവാന്‍ കഴിയാത്തവരും ഇതിന്റെ ഇരകളാകുകയാണ്. വീടിന്റെ അടുക്കളയിലും, കിടപ്പുമുറിയിലും മൃതദേഹം മറവ് ചെയ്യേണ്ടി വരുന്ന ദയനീയ കാഴ്ചകൾ പോലും ഈ മേഖലയിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതാണ്. ജനപ്പെരുപ്പം കൂടുകയും ഒഴിഞ്ഞപുരയിടങ്ങൾ ഇല്ലാതാകുയും ചെയ്യുന്ന സാഹചര്യവും വിരൽ ചൂണ്ടുന്നത് പൊതു ശ്മാശാനം എന്ന ആവശ്യമാണ്.
വാജ്‌പേയ് ഗവെമെന്റിന്റെ ഭരണകാലത്ത് പഞ്ചായത്തുതല വികസന പദ്ധതിരേഖകള്‍ തയ്യാറാക്കുമ്പോള്‍ നിര്‍ബന്ധമായും പൊതു ശ്മശാനം ഒരു പദ്ധതിയായ് ഉള്‍പെടുത്തണം എന്ന നിര്‍ദ്ദേശം ഉണ്ടായിരുന്നു. എന്നാല്‍ ചിറയിൻകീഴ്, അഞ്ചുതെങ്ങ്, കടയ്ക്കാവൂർ, വക്കം ഗ്രാമ പഞ്ചായത്തുകൾ അക്കാലത്തെ ഓരോ പദ്ധതിരേഖകളിലും പൊതു ശ്മശാനം ഉള്‍പെടുത്തുകയും പദ്ധതിരേഖ പാസ്സാക്കിയതിനു ശേഷം സ്ഥലം കണ്ടെത്താന്‍ കഴിയുന്നില്ലെന്ന സ്ഥിര ന്യായം നിരത്തി തടിതപ്പുകയുമാണ് ചെയ്തത്. നാല്
പഞ്ചായത്തുകൾക്ക് കൂടി മുൻകൈ എടുത്ത് ഒരു പൊതു ശ്മാശാനം സ്ഥാപിക്കുവാനുള്ള നടപടികൾ അധികൃതർ സ്വീകരിക്കണമെന്ന ആവശ്യം നിലനിൽക്കുകയാണ്.



















