മലപ്പുറം: വൈറൽ ഹെപ്പെറ്റൈറ്റിസ് ബാധിച്ചു ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. എടക്കര പഞ്ചായത്തിലെ ചെമ്പൻകൊല്ലി സ്വദേശിയായ 32 കാരനാണ് മരിച്ചത്. ഇതൊടെ ജില്ലയിൽ ഒരു മാസത്തിനിടെ വൈറൽ ഹെപ്പറ്റൈറ്റിസ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. ജില്ലയിലെ പോത്തുകല്ലാണ് രോഗബാധയുടെ പ്രഭവകേന്ദ്രമെന്നാണ് കഴിഞ്ഞ ദിവസം മലപ്പുറം ഡിഎംഒ അറിയിച്ചത്.
പോത്തുകല്ല്, എടക്കര പഞ്ചായത്തുകളിൽ കൂൾബാറുകളുടെയും ഹോട്ടലുകളുടെയും പ്രവർത്തനം മൂന്നാഴ്ചത്തേക്ക് നിയന്ത്രിച്ചിരിക്കുകയാണ്. രോഗലക്ഷണം ശ്രദ്ധയിൽപ്പെട്ടാൽ ഒറ്റമൂലി ചികിത്സ തേടുന്നതിന് പകരം ഡോക്ടർമാരെ സമീപക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം. കുടിവെള്ളത്തിന്റെ കാര്യത്തിൽ ശ്രദ്ധ പുലർത്തണമെന്നും അറിയിപ്പുണ്ട്. രണ്ടുമാസത്തിനുള്ളില്‍ രോഗബാധിതരായത് 152 പേരാണ്. പനി, വിശപ്പില്ലായ്മ, ഛർദി, കണ്ണിനു മഞ്ഞനിറം, മൂത്രത്തിന് മഞ്ഞനിറം തുടങ്ങിയവയാണ് ഈ രോഗത്തിൻ്റെ ലക്ഷണങ്ങൾ.
വയറിളക്കം മൂലം ശരീരത്തിലെ ജലാംശവും പോഷകാംശവും ധാതുലവണങ്ങളും നഷ്ടപ്പെടുത്തുന്നു. നിർജലീകരണം സംഭവിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. യഥാസമയം ചികിത്സ ലഭിക്കാതിരുന്നാൽ രോഗിയുടെ ജീവന് ഭീഷണിയാകും. കുട്ടികളിൽ പ്രത്യേക ശ്രദ്ധ വേണ്ട രോഗമാണിതെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.



















