കൊച്ചി: മുൻ വോളിബോൾ താരം കരിമ്പാടം സത്യനെ പറവൂരിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു. കരിമ്പാടം കുന്നുകാട്ടിൽ കെകെ സത്യൻ (76) എന്നാണ് യഥാർഥ പേര്. വീട്ടിൽ നിന്നു ദുർഗന്ധം വമിച്ചപ്പോഴാണ് സമീപവാസികൾ അറിഞ്ഞത്. മൃതദേഹത്തിനു അഞ്ച് ദിവസത്തോളം പഴക്കമുണ്ട്.
ഉയരക്കുറവുണ്ടായിട്ടും ബുദ്ധികൊണ്ടു അതു മറികടന്നു വിസ്മയ സ്മാഷുകൾ ഒരുകാലത്ത് പറത്തിയ താരമായിരുന്നു സത്യൻ. അഞ്ചടി ഏഴിഞ്ച് മാത്രമായിരുന്നു സത്യന്റെ ഉയരം. ഉയരക്കാരായ ദേശീയ, അന്തർദേശീയ താരങ്ങൾക്കു പോലും തടുക്കാൻ കഴിയുന്നതിലും വേഗത്തിലായിരുന്നു പക്ഷേ സത്യന്റെ സ്മാഷുകൾ. കരിമ്പാടം സ്പോർട്ടിങ് സ്റ്റാർ ക്ലബിലൂടെയാണ് സത്യൻ കളിച്ചു വളർന്നത്.



















