ഡല്‍ഹി: മോദിയുടെ ഗ്യാരണ്ടി എന്ന ആശയത്തില്‍ ഊന്നി ബിജെപി പ്രകടനപത്രിക പുറത്തിറക്കി. ലോക്സഭ തെരഞ്ഞെടുപ്പ് ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം അവശേഷിക്കേ, സ്ത്രീകള്‍, യുവജനങ്ങള്‍, ദരിദ്രജനവിഭാഗങ്ങള്‍ എന്നിവയുടെ ശാക്തീകരണം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന് പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നു. ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നെഡ്ഡ, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിങ്, നിര്‍മല സീതാരാമന്, എസ് ജയ്ശങ്കര് എന്നിവര്‍ പങ്കെടുത്തു.
മോദിയുടെ ഗ്യാരണ്ടി എന്ന ആശയത്തെ മുന്‍നിര്‍ത്തിയാണ് പ്രകടനപത്രികയ്ക്ക് രൂപം നല്‍കിയത് എന്ന് രാജ്നാഥ് സിങ് പറഞ്ഞു. 14 ഭാഗങ്ങളുള്ള പ്രകടനപത്രിക തയ്യാറാക്കുന്നതിന്റെ ഭാഗമായി 15 ലക്ഷം അഭിപ്രായങ്ങളാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയെ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയായി ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് പറയുന്ന പ്രകടനപത്രികയില്‍ റേഷന്‍, വെള്ളം എന്നിവ അടുത്ത അഞ്ചുവര്‍ഷവും സൗജന്യമായി നല്‍കുമെന്ന് വാഗ്ദാനം ചെയ്യുന്നു.

















