ന്യൂഡല്‍ഹി: ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ആദ്യ ഇലവനില്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് ഋഷഭ് പന്തോ അതോ സഞ്ജു സാംസണോ? ഈ ചോദ്യമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്ത് ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്നത്. ഐപിഎല്ലില്‍ ഇരുവരും മികച്ച ഫോമിലാണ് എന്നത് കൊണ്ട് ആരാണ് കൂടുതല്‍ കഴിവുള്ള താരം എന്നും ആരാണ് ടീമില്‍ കൂടുതല്‍ പ്രയോജനം ചെയ്യാന്‍ സാധ്യതയെന്നും പറയാന്‍ ഏറെ ബുദ്ധിമുട്ടാണ്. ഇപ്പോള്‍ താന്‍ ആര്‍ക്കാണ് കൂടുതല്‍ മുന്‍തൂക്കം നല്‍കുന്നത് എന്ന കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍.
സഞ്ജു സാംസണിനേക്കാള്‍ ഋഷഭ് പന്തിനാണ് ആദ്യ ഇലവനില്‍ ഗംഭീര്‍ കൂടുതല്‍ മുന്‍ഗണന നല്‍കിയത്. മധ്യനിര ബാറ്റ്‌സ്മാന്‍ ആയത് കൊണ്ട് ഋഷഭ് പന്തിനെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തുന്നതാണ് നല്ലത്. ശക്തമായ മധ്യനിര കെട്ടിപ്പടുക്കുവാന്‍ ഇത് ഗുണം ചെയ്യുമെന്ന് ഗംഭീര്‍ പറയുന്നു. ‘ഐപിഎല്ലില്‍ പന്ത് മധ്യനിരയില്‍ ബാറ്റ് ചെയ്തപ്പോള്‍, സഞ്ജു ടോപ്പ് ഓര്‍ഡറിലാണ് ബാറ്റ് ചെയ്തത്. രോഹിത് ശര്‍മ്മ, യശസ്വി ജയ്സ്വാള്‍, വിരാട് കോഹ്ലി എന്നിവരായിരിക്കും ഇന്ത്യയുടെ ടോപ് ഓര്‍ഡറില്‍ വരിക. ഇത് കണക്കിലെടുക്കുമ്പോള്‍ മധ്യനിരയില്‍ പന്തിന്റെ സാന്നിധ്യം കരുത്തുപകരും’-സ്‌പോര്‍ട്‌സ്‌കീഡയോട് ഗംഭീര്‍ പറഞ്ഞു.

















