ആറ്റിങ്ങൽ: 22 വർഷത്തെ അധ്യാപനജീവിതം പൂർത്തിയാക്കി സതീഷ്കുമാർ സർവീസിൽനിന്നു വിരമിച്ചു. 2002-ൽ വാമനപുരം പരപ്പാറമുകൾ എൽ.പി. സ്കൂളിൽ അധ്യാപന ജീവിതത്തിന് തുടക്കം കുറിച്ച സതീഷ് 2006 മുതൽ അയിലം യു.പി. സ്കൂളിൽ പ്രൈമറി ഡിവിഷൻ അധ്യാപകനായി. സ്കൂൾ യു.പി വിഭാഗം ആയിരിക്കെ തന്നെ വിവിധ ഘട്ടങ്ങളിൽ ഗാന്ധിദർശൻ ക്ലബ്, ലഹരി വിരുദ്ധ ക്ലബ് പരിസ്ഥിതി ക്ലബ്, ഊർജ്ജ സംരക്ഷണ ക്ലബ് തുടങ്ങിയവയിൽ സജീവമായി പ്രവർത്തിക്കുകയും ഒട്ടനവധി പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതിലൂടെ സ്കൂൾ മികവുകൾ പ്രഥമാധ്യാപകരോടും മറ്റ് അധ്യാപകരോടും ഒത്തൊരുമിച്ച് പ്രവർത്തിച്ച് മെച്ചപ്പെടുത്തി.
പി.റ്റി.എ, എസ്.എം.സി.എക്സിക്യൂട്ടീവ് അംഗമായി പ്രവർത്തിക്കുന്നതിനും സ്കൂളിന്റെ വികസന പ്രവർത്തനങ്ങൾക്ക് മുൻ നിരയിൽ നിൽക്കുകയും ചെയ്തിട്ടുണ്ട്. എസ്.എസ്.എ. യുടെ മികവുത്സവങ്ങളിലും, പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹരിതവിദ്യാലയം പരിപാടികളിലും അന്നത്തെ പ്രഥമാധ്യാപകൻ മധുസാറിനൊപ്പം പ്രവർത്തിരുന്നു. പുഴ സംരക്ഷണം, ജൈവവൈവിധ്യ സംരക്ഷണം, നീരുറവ സംരക്ഷണം, ഹരിത ഗ്രാമം പദ്ധതി, മാലിന്യമുക്ത ഭവനം തുടങ്ങി ഒട്ടനവധിപ്രവർത്തനങ്ങളിൽ സ്കൂളിന്റെ ഭാഗമായി ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കിയാണ് ഈ മാതൃക അധ്യാപകൻ സർവീസിൽ നിന്നും വിരമിക്കുന്നത്.
2016-17 വർഷത്തിൽ എസ്.സി.ഇ.ആർ.റ്റി.യുടെ ആഭിമുഖ്യത്തിൽ പാഠ്യപദ്ധതി പാഠപുസ്തക പുനരവലോകനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലും ശാസ്ത്രവിഭാഗം വിനിമയ പാഠപുസ്തക നിർമ്മാണ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. ആറ്റിങ്ങൽ ബി.ആർ. സി. യിൽ ശാസ്ത്രം, ഗണിത ശാസ്ത്രം വിഭാഗങ്ങളിൽ റിസോഴ്സ് പേഴ്സൻ ആയി പ്രവർത്തിച്ചിട്ടുണ്ട്.
കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് സ്കൂൾ യൂണിറ്റിലൂടെ നിരവധി കുട്ടികൾക്ക് രാജ്യപുരസ്കാർ അവാർഡ് നേടികൊടുക്കുന്നതിന് നേതൃത്വം നൽകി.
ആറ്റിങ്ങൽ വിദ്യാഭ്യാസ ഉപജില്ലാ ശാസ്ത്ര ക്ലബ് കൺവീനർ, വൈ.ഐ.പി. ശാസ്ത്രപഥം, ശാസ്ത്രരംഗം എന്നിവയുടെ കോർഡിനേറ്റർ ആയി പ്രവർത്തിച്ചു. 2022 മുതൽ 2024 വരെ തിരുവനന്തപുരം റവന്യൂജില്ലാ ശാസ്ത്ര ക്ലബ് സെക്രട്ടറിയായും കേരള സംസ്ഥാന പരിസ്ഥിതി കൗൺസിൽ- ബാലശാസ്ത്ര കോൺഗ്രസ് ജില്ലാ അക്കാദമിക് കോർഡിനേറ്ററായും ദേശീയ ഹരിത സേന തിരുവനന്തപുരം ജില്ലാ പ്രവർത്തന സമിതി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
2022 ൽ അഖിലേന്ത്യാ അവാർഡി ടീചേഴ്സ് ഫെഡറേഷൻ ദേശീയ ഗുരുശ്രേഷ്ഠ പുരസ്കാരം(കേരള ഘടകം) നേടി. ശാസ്ത്ര ക്ലബ് പ്രവർത്തനങ്ങളുടെ ഭാഗമായി ആര്യഭട്ട അവാർഡും മികച്ച അധ്യാപകർക്കായുള്ള കുര്യൻ വർഗ്ഗീസ് പുരസ്കാരവും നേടി. കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് ആറ്റിങ്ങൽ ജില്ലാ സെക്രട്ടറി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം, സ്റ്റേറ്റ് അസിസ്റ്റന്റ് കമ്മീഷണർ, ദേശീയ ഹരിത സേന തിരുവനന്തപുരം ജില്ല അംഗം എന്നീ നിലകളിലും പ്രവർത്തിക്കുന്നു. ഔദ്യോഗിക സർവീസിൽ നിന്നും വിരമിച്ചു എങ്കിലും സേവന രംഗത്ത് സജീവമായി തുടരുവാൻ ആണ് സതീഷ് കുമാറിൻ്റെ തീരുമാനം.

















