ആറ്റിങ്ങൽ: ബന്ധുവായ യുവതിക്ക് ഒപ്പം താമസിച്ച് അവരുടെ രണ്ടു പെൺമക്കളെയും ലൈംഗികാതിക്രമത്തിന് വിധേയമാക്കി വന്ന പ്രതിക്ക് ജീവിതാന്ത്യം വരെ തടവ് ശിക്ഷ വിധിച്ചു. രണ്ട് പെൺകുട്ടികളോടും അതിക്രമം നടത്തിയത് സംബന്ധിച്ച് വ്യത്യസ്ത കേസുകൾ രജിസ്റ്റർ ചെയ്ത പ്രകാരം ഇരു കേസുകളിലും വിചാരണ പൂർത്തിയാക്കിയാണ് ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് ബിജു കുമാർ സി.ആർ പ്രതിയെ കുറ്റക്കാരൻ എന്ന് കണ്ടെത്തി ഇരു കേസുകളിലും ശിക്ഷ വിധിച്ചത്. പ്രതിക്ക് വ്യത്യസ്ത കേസുകളിലായി കഠിനതടവ് ഉൾപ്പെടെ ജീവിതാന്ത്യം വരെ തടവും, 14 ലക്ഷത്തി അമ്പതിനായിരം രൂപ പിഴ ശിക്ഷയുമാണ് ശിക്ഷ വിധിച്ചത്.
കുട്ടികളുടെ മൊഴിയിൽ ലൈംഗിക അതിക്രമം സംബന്ധിച്ച് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.
പെൺകുട്ടികളിൽ മുതിർന്ന ആളെ അതിക്രമിച്ചത് സംബന്ധിച്ച് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ 26 സാക്ഷികളെ വിസ്തരിക്കുകയും 31 രേഖകൾ പ്രോസിക്യൂഷൻ ആസ്പദമാക്കുകയും ചെയ്തു. രണ്ടാമത്തെ കുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയാക്കിയത് സംബന്ധിച്ച കേസിൽ പ്രോസിക്യൂഷൻ 24 സാക്ഷികളെ വിസ്തരിക്കുകയും 27 രേഖകൾ ആധാരമാക്കുകയും ചെയ്തു.
അച്ചൻകോവിൽ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറായിരുന്ന പ്രകാശ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച കേസിൽ കുറ്റകൃത്യം സംഭവിച്ചത് പള്ളിക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ ആണെന്ന് കണ്ട് പള്ളിക്കൽ പോലീസ് സ്റ്റേഷ്ന് കൈമാറി. പള്ളിക്കൽ സബ്ഇൻസ്പെക്ടർ എം.സഹില്‍ എഫ്.ഐ.ആർ റീരജിസ്റ്റർ ചെയ്ത് പൊലീസ് ഇൻസ്പെക്ടർ ശ്രീജിത്ത്.പി അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസുകളിലാണ് പ്രതിയെ കുറ്റക്കാരനായി കണ്ടെത്തി ശിക്ഷ വിധിച്ചത്. രണ്ട് കേസുകളിലും പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.എം.മുഹസിൻ ഹാജരായി.
ഇരകളായ പെൺകുട്ടികൾ ആരെന്ന് വ്യക്തം ആകും എന്നതിനാൽ പ്രതിയുടെ ചിത്രവും പേരും വാർത്തയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പോക്‌സോ നിയമ പ്രകാരം ഇരകൾ ആരെന്ന് വാർത്തയിലൂടെ വ്യക്തമാക്കപ്പെടാൻ പാടില്ല.

















