തിരുവനന്തപുരം : വിഴിഞ്ഞം പദ്ധതിയിലൂടെ ഇന്ത്യ ലോകഭൂപടത്തില്‍ ഇടംപിടിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വികസന അധ്യായത്തിന്റെ പുതിയ ഏട്. ഏറെ അഭിമാനകരമായ നേട്ടമെന്നും വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍ റണ്ണിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍ ചടങ്ങില്‍ മുഖ്യാതിഥിയായി.
ഇപ്പോൾ നടക്കുന്നത് ട്രയൽ റൺ ആണെങ്കിലും വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവർത്തനം ഇതോടെ ആരംഭിക്കുകയാണ്. പൂർണ്ണതോതിലുള്ള പ്രവർത്തനം ഉടൻ ആരംഭിക്കും. 2028-ഓടെ വിഴിഞ്ഞം സമ്പൂർണ തുറമുഖമായി മാറുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അദാനി ഗ്രൂപ്പിന്റെ പ്രതിബദ്ധത നല്ലരീതിയില്‍ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോയി. പദ്ധതി പൂര്‍ത്തിയാക്കാൻ കാണിച്ച സഹകരണത്തിന് ചടങ്ങില്‍ സന്നിഹിതനായിരുന്ന കരണ്‍ അദാനിക്ക് മുഖ്യമന്ത്രി നന്ദി പറഞ്ഞു.
വിഴിഞ്ഞം പദ്ധതി പൂര്‍ത്തിയാക്കുന്നതിക്കുന്നതിനായി മുന്‍തുറമുഖ വകുപ്പ് മന്ത്രിമാരായിരുന്ന രാമചന്ദ്രന് കടന്നപ്പള്ളിയും അഹമ്മദ് ദേവര്‍കോവിലും മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി യാഥാര്‍ത്ഥ്യമായത് ഇടതുപക്ഷത്തിന്റെ ഇച്ഛാശക്തി കൊണ്ടെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന തുറമുഖ മന്ത്രി വി എന്‍ വാസവന് പറഞ്ഞു. ചടങ്ങില്‍ സംസ്ഥാനത്തെ അഞ്ച് മന്ത്രിമാരും എംപിമാരും എംഎല്‍എമാരും അദാനി ഗ്രൂപ്പ് ഡയറക്ടര്‍ കരണ്‍ അദാനിയും പങ്കെടുത്തു.


















