കോഴിക്കോട്: താമരശ്ശേരിയിൽ നിന്നു തട്ടിക്കൊണ്ടു പോയ മൊബൈൽ ഷോപ്പ് ഉടമ ഹർഷാദിനെ കണ്ടെത്തി. വയനാട് വൈത്തിരിയിൽ നിന്നാണ് ഹർഷാദിനെ കണ്ടെത്തിയത്. തട്ടിക്കൊണ്ടു പോയ സംഘം വൈത്തിരിയിൽ ഒരു ബൈക്ക് കടയ്ക്ക് സമീപം ഹർഷാദിനെ ഇറക്കിവിട്ടു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തതായി വിവരമുണ്ട്. ഹർഷാദിന്റെ മൊഴി രേഖപ്പെടുത്തി മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കും.
ഇന്നലെ രാത്രി 8.45 ഓടെ ഹർഷാദ് പിതാവിന്റെ ഫോണിലേക്ക് വിളിച്ചു. വൈത്തിരിയിൽ ഇറക്കി വിട്ടെന്നു ഹർഷാദ് തന്നെയാണ് അറിയിച്ചത്. ഹർഷാദിന്റെ കൈയിൽ ഫോൺ ഉണ്ടായിരുന്നില്ല. സമീപത്തെ കടയിൽ കയറി ഫോൺ വാങ്ങിയാണ് ഹർഷാദ് വിളിച്ചതെന്നും അടിവാരത്തേക്ക് ബസിൽ യാത്ര തിരിച്ചതായി വ്യക്തമാക്കിയെന്നും ബന്ധുക്കൾ പറഞ്ഞു. ഹർഷാദ് വിളിച്ച വിവരം ബന്ധുക്കൾ പൊലീസിൽ അറിയിച്ചു. പിന്നാലെ അടിവാരത്തെത്തിയ താരശ്ശേരി പൊലീസ് രാത്രി പത്തേകാലോടെ ഹർഷാദിനെ താമരശ്ശേരിയിൽ എത്തിച്ചു.

















