കൊച്ചി: പെരുമ്പാവൂരിൽ നിയമ വിദ്യാർത്ഥിനിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അമീറുൾ ഇസ്ലാമിൻ്റെ വധശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തു. പ്രതിയുടെ മാനസിക, ജയിൽ പെരുമാറ്റ റിപ്പോർട്ട് നൽകാൻ കോടതി നിർദ്ദേശിച്ചു. ഹർജിയിൽ സംസ്ഥാന സർക്കാരിന് കോടതി നോട്ടിസ് അയച്ചു.
നിയമ വിദ്യാർത്ഥിനിയെ കൊലപ്പെടുത്തിയ കേസിൽ അമറുൾ ഇസ്ലാമിന് വിചാരണക്കോടതി വിധിച്ച വധശിക്ഷ ഹൈക്കോടതി ശരിവെച്ചിരുന്നു. ഇതിനെതിരെയാണ് പ്രതി സുപ്രീംകോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച ജസ്റ്റിസുമാരായ ബി.ആർ ഗവായ്, സഞ്ജയ് കരോൾ, കെ.വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് വധശിക്ഷ സ്റ്റേ ചെയ്തത്. പ്രതിയുടെ മാനസിക നില സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ കോടതി തൃശൂർ മെഡിക്കൽ കോളേജിനോടും പ്രതിയുടെ ജയിലിലെ പെരുമാറ്റം സംബന്ധിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ വിയ്യൂർ ജയിൽ അധികൃതരോടും കോടതി നിർദ്ദേശം നൽകി.
ശിക്ഷ കുറയ്ക്കാൻ കാരണങ്ങളുണ്ടെങ്കിൽ അത് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് വ്യക്തമാക്കിയ കോടതി ജയിലിൽ എത്തി പ്രതിയെ കണ്ട് സംസാരിച്ച് വിവരങ്ങൾ കോടതിയെ സമർപ്പിക്കാൻ പ്രോജക്ട് 39A എന്ന സംഘടനയിലെ നൂരിയ അൻസാരിയെ നിയോഗിച്ചു. എട്ട് ആഴ്ചയ്ക്കുള്ളിൽ അപ്പീലുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ സമർപ്പിക്കാനും കോടതി നിർദ്ദേശിച്ചു.
പ്രതിക്ക് വേണ്ടി ഡൽഹി നാഷണൽ ലോ യൂണിവേഴ്സിറ്റിയുടെ പ്രോജക്റ്റ് 39 എയാണ് നിയമസഹായം നൽകിയത്. 2016 ഏപ്രില്‍ 28നായിരുന്നു നിയമവിദ്യാർത്ഥിനി കൊല്ലപ്പെട്ടത്. ജൂൺ 16നാണ് അസം സ്വദേശിയായ അമീറുള്‍ ഇസ്ലാം പിടിയിലാകുന്നത്.

















