കൊളംബോ: രണ്ടാം ടി20യിലും വിജയിച്ചതോടെ ശ്രീലങ്കയ്‌ക്കെതിരായ പരമ്പര സ്വന്തമാക്കി ഇന്ത്യ. ഇന്ത്യ ബാറ്റിങ്ങിന് ഇറങ്ങുമ്പോള്‍ മഴകാരണം വൈകിയ മത്സരത്തില്‍ ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം എട്ട് ഓവറില്‍ 78 റണ്‍സായിരുന്നു ഇന്ത്യയുടെ വിജയലക്ഷ്യം. ഒന്‍പതു പന്തുകള്‍ ബാക്കി നില്‍ക്കെ ഏഴു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. ഇന്ത്യ 6.3 ഓവറില്‍ മൂന്നിന് 81.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 20 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സ് ആണ് എടുത്തത്. മറുപടി ബാറ്റിങ്ങില്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ (15 പന്തില്‍ 30), സൂര്യകുമാര്‍ യാദവ് (12 പന്തില്‍ 26), ഹാര്‍ദിക് പാണ്ഡ്യ (ഒന്‍പതു പന്തില്‍ 22) എന്നിവര്‍ തിളങ്ങി. ഓപ്പണറായി ഇറങ്ങിയ മലയാളി താരം സഞ്ജു സാംസണ്‍ നേരിട്ട ആദ്യ പന്തില്‍ പുറത്തായി. മഹീഷ് തീക്ഷണയുടെ പന്തില്‍ താരം ബോള്‍ഡാകുകയായിരുന്നു. 26 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയ രവി ബിഷ്‌ണോയിയാണ് കളിയിലെ താരം.
മഴ കാരണം വൈകിയാണ് കളിയും തുടങ്ങിയത്. നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തിലാണ് ശ്രീലങ്ക 161 റണ്‍സ് സ്‌കോര്‍ ചെയ്തത്. 34 പന്തില്‍ നിന്ന് 53 റണ്‍സെടുത്ത കുശാല്‍ പെരേരയാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. ശ്രീലങ്കയ്ക്ക് 26 റണ്‍സ് കൂട്ടിചേര്‍ക്കുന്നതിനിടെ കുഷാല്‍ മെന്‍ഡിസിന്റെ വിക്കറ്റ് നഷ്ടമായിരുന്നു. ഹര്‍ദിക് പാണ്ഡ്യയ്ക്കായിരുന്നു വിക്കറ്റ്. പിന്നീട് പതും നിസങ്കയും കുഷാല്‍ പെരേരയും ചേര്‍ന്ന് സ്‌കോര്‍ 80 എത്തിച്ചു. നിസങ്ക രവി ബിഷ്ണോയിയുടെ പന്തിലാണ് പുറത്തായത്. പിന്നീട് 130 ന് മെന്‍ഡിസ്, 130 ന് പെരേര, 140 ന് ഹസരങ്ക എന്നിവര്‍ പുറത്തായി.
ഇതോടെ വന്‍ സ്‌കോര്‍ ലക്ഷ്യമിട്ടിറങ്ങിയ ലങ്കയ്ക്ക് തിരിച്ചടിയാകുകയായിരുന്നു. ഇന്ത്യക്കായി രവി ബിഷ്ണോയി മൂന്നും അര്‍ഷദീപ് സിങ്, ഹര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.