മംഗലപുരം: സമൂഹത്തിലെ അനീതിക്കും, അഴിമതിക്കുമെതിരെ പോരാടിയ ജനകീയ നേതാവായിരുന്നു അഡ്വ.സി.മോഹനചന്ദ്രനെന്ന് സീനിയർ സിറ്റിസൺസ് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡൻ്റ് എൻ പീതാംബര കുറുപ്പ് അഭിപ്രായപ്പെട്ടു. തിരുവനന്തപുരം ജില്ലയിൽ കോൺഗ്രസ്സ് പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിൽ നിർണ്ണായക പങ്കുവഹിച്ചയാളാണ് മോഹനചന്ദ്രനെന്ന് അദ്ദേഹത്തിൻ്റെ ആത്മ സുഹൃത്തു കൂടിയായ പീതാംബരകുറുപ്പ് പറഞ്ഞു. കെ.പി.സി.സി. നിർവ്വാഹ സമിതി അംഗം, കേരള സർവ്വകലാശാല സിൻഡിക്കേറ്റ് അംഗം, കേരള സ്പോർട്‌സ് കൗൺസിൽ തുടങ്ങി വിവിധ മേഖലകളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച അഡ്വ. സി.മോഹനചന്ദ്രൻ്റെ 10-ാം ചരമവാർഷിക ദിനത്തിൽ മുരുക്കും പുഴയിൽ അഡ്വ. സി.മോഹനചന്ദ്രൻ കൾച്ചറൽ ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാതൃകാപൊതുപ്രവർത്തകനുള്ള ഈ വർഷത്തെ അഡ്വ.സി. മോഹനചന്ദ്രൻ പുരസ്കാരം അഡ്വ എം വിൻസൻ്റ് എം എൽ എ യ്ക്കു സമ്മാനിച്ചു. ഫോറം പ്രസിഡൻ്റ് എ .നൗഷാദ് ആദ്ധ്യക്ഷം വനിക്കുകയും, അഡ്വ.കെ.അനിൽകുമാർ സ്വാഗതം ആശംസിക്കുകയും ചെയ്ത സമ്മേളനത്തിൽ ബി എസ് .അനൂപ്, അണിയൂർ പ്രസന്നൻ, തോന്നയ്ക്കൽ ജമാൽ, പാങ്ങപ്പാറ അശോകൻ, തുടങ്ങിയർ സംസാരിച്ചു.