തിരുവനന്തപുരം: ഒളിംപിക്സിലെ വെങ്കല മെഡൽ നേട്ടത്തോടെ ഹോക്കിയിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച പി ആർ ശ്രീജേഷിന് ഐഎഎസ് നൽകണമെന്ന് ആവശ്യം. കേരള ഒളിംപിക്സ് അസോസിയേഷൻ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി. നിലവിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ ജോയിന്റ് ഡയറക്ടറാണ് ശ്രീജേഷ്.
മറ്റൊരു മലയാളി കായിക താരത്തിനും ഇല്ലാത്ത നേട്ടങ്ങളുടെ പെരുമ ശ്രീജേഷിനുണ്ട്. ശ്രീജേഷ് ലോകത്തിലെ തന്നെ ഹോക്കി ഇതിഹാസമായാണ് വിരമിക്കുന്നത്. കേരളത്തിന്റെ കായിക രംഗത്തിനൊന്നാകെ പ്രചോദനമായ ശ്രീജേഷിന് ഐഎഎസ് പദവി നൽകി കേരള സർക്കാർ ആദരിക്കണം എന്നാണ് കത്തിൽ പറയുന്നത്.
ഒളിംപിക്‌സ് വെങ്കല മെഡല്‍ നേട്ടത്തോടെ അന്താരാഷ്ട്ര ഹോക്കിയില്‍ നിന്നു വിരമിച്ചതിനു പിന്നാലെ ശ്രീജേഷിനെ ഇന്ത്യന്‍ ജൂനിയര്‍ ടീം പരിശീലകനായി നിയമിച്ചു. സ്‌പെയിനിനെ 2-1നു വീഴ്ത്തിയാണ് ഇന്ത്യ ടോക്യോയില്‍ നേടിയ ഹോക്കി വെങ്കലം നിലനിര്‍ത്തിയത്. അന്നും പിആര്‍ ശ്രീജേഷിന്റെ സേവുകളാണ് ഇന്ത്യയ്ക്ക് വെങ്കലം സമ്മാനിച്ചത്. സമാന മികവ് പാരിസിലും ശ്രീജേഷ് ആവര്‍ത്തിച്ചതോടെ 52 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ ഹോക്കി ടീം ഒളിംപിക്‌സ് മെഡല്‍ നിലനിര്‍ത്തിയെന്ന സവിശേഷതയുമുണ്ട്.