‘രാജ്യത്തിന് നന്ദി’- വിങ്ങിപ്പൊട്ടി വിനേഷ്, ഉജ്ജ്വല വരവേല്‍പ്പ്

Aug 17, 2024

ലണ്ടന്‍: വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട് പാരിസില്‍ നിന്നു നാട്ടിലെത്തി. താരത്തിനു ഡല്‍ഹിയില്‍ ഉജ്ജ്വല സ്വീകരണമാണ് ആരാധകര്‍ നല്‍കിയത്. ഒളിംപിക്‌സ് വനിതാ ഗുസ്തി പോരാട്ടത്തിന്റെ ഫൈനലിലേക്ക് മുന്നേറി ചരിത്ര നേട്ടത്തിനു അരികില്‍ നില്‍ക്കെ വിനേഷിനെ അയോഗ്യയാക്കിയത് രാജ്യത്തെ ഞെട്ടിച്ചിരുന്നു. പിന്നാലെയാണ് താരം മടങ്ങിയെത്തിയത്.

വലിയ സുരക്ഷയാണ് ഡല്‍ഹിയില്‍ താരം വരുന്നതുമായി ബന്ധപ്പെട്ട് ഒരുക്കിയത്. ആരാധകര്‍ മാലയിട്ടും തോളിലേറ്റിയും വിനേഷിനെ സ്വീകരിച്ചു. ഒരുവേള വിനേഷ് വികാരാധീനയായി. ബ്രിജ്ഭൂഷനെതിരായ സമരത്തില്‍ ഒപ്പമുണ്ടായിരുന്ന ബജ്‌റംഗ് പുനിയയും സാക്ഷി മാലികും വിനേഷിനൊപ്പമുണ്ടായിരുന്നു.

രാജ്യത്തിനു നന്ദിയെന്നു അവര്‍ പ്രതികരിച്ചു. താന്‍ ഭാഗ്യവതിയായ താരമാണെന്നും പിന്തുണയ്ക്ക് നന്ദിയെന്നും സ്വീകരണം ഏറ്റുവാങ്ങി ഇന്ത്യയുടെ അഭിമാന താരം വ്യക്തമാക്കി.50 കിലോ ഗ്രാം വിഭാഗത്തില്‍ ഫൈനലിലേക്ക് മുന്നേറിയ താരം സ്വര്‍ണം, വെള്ളി മെഡലുകള്‍ ഉറപ്പിച്ചിരുന്നു. എന്നാല്‍ ഭാരക്കുറവിന്റെ പേരില്‍ അയോഗ്യയാക്കി. പിന്നാലെ വെള്ളി മെഡലിനു അര്‍ഹതയുണ്ടെന്നു അവകാശപ്പെട്ട് അന്താരാഷ്ട്ര കായിക കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളി. പിന്നാലെയാണ് താരം ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്.

പാരിസിലെ ഇന്ത്യന്‍ ടീമിന്റെ നായകനായ ഗഗന്‍ നാരംഗും വിനേഷിനൊപ്പം പാരിസില്‍ നിന്നുള്ള വിമാനത്തിലുണ്ടായിരുന്നു. ചാംപ്യനായി വിനേഷ് നാട്ടിലേക്ക് തിരിച്ചെത്തുന്നു എന്ന കുറിപ്പോടെ നാരംഗ് വിനേഷിനൊപ്പമുള്ള ചിത്രം എക്‌സില്‍ പങ്കിട്ടു. ഒളിംപിക്‌സ് ഗ്രാമത്തിലേക്ക് അവര്‍ വന്നത് ചാംപ്യനായാണ്. ഇപ്പോഴും നമ്മുടെ ചാംപ്യനാണ് അവള്‍. കോടിക്കണക്കിനു പേരെ പ്രചോദിപ്പിക്കാന്‍ ഒരു മെഡലും ആവശ്യമില്ല. നിങ്ങളുടെ മനോധൈര്യത്തിനു ബിഗ് സല്യൂട്ടെന്നും നാരംഗ് കുറിപ്പില്‍ വ്യക്തമാക്കി.

LATEST NEWS