കൊല്‍ക്കത്ത: കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തെത്തുടര്‍ന്ന് പ്രതിഷേധിക്കുന്ന ഡോക്ടര്‍മാര്‍ ജോലിയില്‍ തിരികെ പ്രവേശിക്കണമെന്ന് സുപ്രീംകോടതി. ഡോക്ടര്‍മാര്‍ ജോലിയില്‍ പ്രവേശിക്കാത്തതുമൂലം സാധാരണക്കാരാണ് ബുദ്ധിമുട്ടുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയായിരുന്നു സുപ്രീംകോടതിയുടെ പരാമര്‍ശം.
പ്രതിഷേധിക്കുന്ന ഡോക്ടര്‍മാരോട് ആദ്യം ജോലിയില്‍ തിരികെ പ്രവേശിക്കുക. ആരും ഒരു ഡോക്ടര്‍ക്കെതിരെയും പ്രതികൂല നടപടിയെടുക്കില്ല. ജോലിക്ക് കയറിയശേഷം എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാല്‍ കോടതിയെ സമീപിക്കു. അല്ലാത്തപക്ഷം പൊതുജനാരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുമെന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ചോദിച്ചു.
ആര്‍ജി കര്‍ ആശുപത്രിയിലെ റസിഡന്റ് ഡോക്ടര്‍മാര്‍ ഇപ്പോഴും ഭീതിയിലാണെന്ന് അവര്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷക ഗീത് ലുത്റ പറഞ്ഞു. ആശുപത്രി അധികൃതറില്‍നിന്നാണ് ഭീഷണി നേരിടുന്നതെന്നും അഭിഭാഷക വ്യക്തമാക്കി. സിബിഐയുടെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഹാജരാക്കി. ഇന്റേണുകള്‍, റെസിഡന്റ്- സീനിയര്‍ റെസിഡന്റ് ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ് എന്നിവരുള്‍പ്പെടെ എല്ലാവരുടേയും ആശങ്കകള്‍ കോടതി രൂപവത്കരിച്ച പ്രത്യേക ദൗത്യസംഘം കേള്‍ക്കുമന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് വ്യക്തമാക്കി.


















