ലെബനനിലുണ്ടായ പേജർ സ്ഫോടനങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 11 ആയി ഉയര്‍ന്നു

Sep 18, 2024

ബെയ്റൂട്ട്: ലെബനനിലുണ്ടായ പേജർ സ്ഫോടനങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 11 ആയി ഉയര്‍ന്നു. പരിക്കേറ്റ ഇരുന്നൂറിലേറെ പേരുടെ നില ഗുരുതരമാണ്. ശക്തമായ തിരിച്ചടി നൽകുമെന്ന് ലെബനൻ വ്യക്തമാക്കിയതിനു പിന്നാലെ ഇസ്രയേലിൽ സുരക്ഷ ശക്തമാക്കി. ടെൽ അവീവിലേക്കുള്ള സർവീസുകൾ വിമാന കമ്പനികള്‍ നിര്‍ത്തിവെച്ചു. 2800ലധികം പേര്‍ക്കാണ് ഇന്നലത്തെ സ്ഫോടനങ്ങളിൽ പരിക്കേറ്റത്.

അതേസമയം, യുദ്ധങ്ങളുടെ ചരിത്രത്തിൽ തന്നെ അസാധാരണമായൊരു സംഭവമാണ് ലെബനനിലെ പേജർ സ്ഫോടനമെന്ന് വിലയിരുത്തപ്പെടുന്നു. പേജര്‍ പോലെയൊരു ചെറിയ വസ്തുവിനെ എങ്ങനെയാണ് സ്ഫോടനത്തിനായി ഉപയോഗിച്ചതെന്ന ചോദ്യമാണിപ്പോള്‍ ഉയരുന്നത്. പേജറിനെ മാരകായുധമാക്കി മാറ്റിയ ബുദ്ധി ഇസ്രയേൽ ചാരസംഘടന മൊസാദിന്‍റേതാണെന്നാണ് ഹിസ്ബുല്ല ആരോപിക്കുന്നത്.

സയൻസ് ഫിക്ഷൻ കഥകളിലും സിനിമകളിലും മാത്രം കണ്ടിട്ടുള്ള ആക്രമണരീതി സാധ്യമാക്കിയതിന് രണ്ട് സാധ്യതകളാണ് സൈനിക രംഗത്തെ വിദഗ്ധർ മുന്നോട്ട് വെയ്ക്കുന്നത്. നിർമ്മാണ സമയത്തോ അതിനുശേഷം പേജർ ഹിസ്ബുല്ലയുടെ കയ്യിൽ എത്തുന്നതിന് മുമ്പോ പേജറുകൾക്ക് അകത്ത് ചെറിയ അളവിൽ സ്ഫോടകവസ്തു ഉൾപ്പെടുത്തി എന്നതാണ് ആദ്യ സാധ്യത. നിർമ്മാണ കമ്പനിയേയോ, കമ്പനിക്ക് വേണ്ടി ഘടകങ്ങൾ എത്തിച്ച് നൽകുന്നവരെ സ്വാധീനിച്ചോ, അവരുടെ ഇടയിലേക്ക് നുഴഞ്ഞു കയറിയോ ആകാം ഇത് സാധ്യമാക്കിയെന്ന് വിലയിരുത്തപ്പെടുന്നു. പേജറിനെ ഹാക്ക് ചെയ്ത്, അതിലെ ബാറ്ററിയെ ചൂടാക്കി പൊട്ടിത്തെറിക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചതാകാമെന്നതാണ് രണ്ടാമത്തെ സാധ്യത. പ്രത്യേക ഇലക്ട്രോമാഗ്നറ്റിക് തരംഗങ്ങളിലൂടെയോ, അല്ലെങ്കിൽ തുടരെ തുടരെ സന്ദേശങ്ങൾ അയച്ച് പേജറിനെ ചൂടാക്കിയോ ആയിരിക്കാം ഇത് സാധിച്ചെടുത്തത്.

തായ്വാൻ ആസ്ഥാനമായ ഗോൾഡ് അപ്പോളോ കമ്പനിയുടെ പേജറുകളാണ് പൊട്ടിത്തെറിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അ‌ഞ്ച് മാസം മുമ്പാണ് ഹിസ്ബുല്ല പുതിയ പേജറുകൾ ഇറക്കുമതി ചെയ്തതെന്നും റിപ്പോർട്ടുകളുണ്ട്. രണ്ടായിരത്തിന്‍റെ തുടക്കത്തോടെ കാലഹരണപ്പെട്ട സാങ്കേതിക വിദ്യയാണ് പേജറുകളുടേത്. ചെറു സന്ദേശങ്ങൾ കൈമാറുന്നതിനുള്ള ശേഷി മാത്രമാണ് ഇവയ്ക്കുള്ളത്. ഇൻ്റർനെറ്റുമായി ബന്ധവുമില്ല. മൊസാദിൻ്റെ ചാര സംവിധാനത്തിന്റെ കെൽപ്പ് കണക്കിലെടുത്താണ് ഹിസ്ബുല്ല പേജറുകളിലേക്ക് തിരിഞ്ഞത്. സ്വകാര്യതയും സുരക്ഷിതത്വവും ഉറപ്പാക്കാൻ പേജറിലേക്ക് മാറിയ ഹിസ്ബുല്ലയ്ക്ക് ഒടുവിൽ ആ ഉപകരണത്തിൽ തന്നെ അപകടം പൊതിഞ്ഞു കിട്ടി.

LATEST NEWS