ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജരിവാള്‍ മുഖ്യമന്ത്രിയുടെ വസതി ഒഴിഞ്ഞു. ഫിറോസ്ഷാ റോഡിലുള്ള പഞ്ചാബ് രാജ്യസഭാ എംപി അശോക് മിത്തലിന്റെ ബംഗ്ലാവിലേക്കാണ് താമസം മാറിയത്. മുഖ്യമന്ത്രി സ്ഥാനം രാജിവച്ച സാഹചര്യത്തിലാണ് വസതി ഒഴിഞ്ഞത്.
വസതി ഒഴിയുന്നതിന് മുന്‍പായി കെജരിവാള്‍ എല്ലാവര്‍ക്കും ഹസ്തദാനം നല്‍കിയ ശേഷം പിതാവും മാതാവും ഭാര്യയും ഒത്ത് കാറില്‍ മടങ്ങി. നവരാത്രി ഉത്സവ ഉത്സവ വേളയില്‍ ഔദ്യോഗിക വസതി ഒഴിയുമെന്ന് കെജരിവാള്‍ പറഞ്ഞിരുന്നു. ഡല്‍ഹി മദ്യനയക്കേസില്‍ ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ മാസമാണ് കെജരിവാള്‍ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞത്. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ മാത്രമാണ് ഇനിയുള്ളത്. ‘സത്യസന്ധനാണെന്ന് തോന്നുവെങ്കില്‍ എനിക്ക് വോട്ട് ചെയ്യു. തെരഞ്ഞെടുപ്പിന് ശേഷം ഞാന്‍ മുഖ്യമന്ത്രിയാവാം. ഞാന്‍ സത്യസന്ധനല്ലെങ്കില്‍ വോട്ട് ചെയ്യേണ്ട. എന്റെ സത്യസന്ധതയ്ക്ക് നിങ്ങള്‍ തരുന്ന സര്‍ട്ടിഫിക്കറ്റാണ് ഓരോ വോട്ടും’ കെജരിവാള്‍ പറഞ്ഞിരുന്നു.
കെജരിവാള്‍ മണ്ഡലത്തില്‍ താമസിക്കുന്നതു ഗുണം ചെയ്യുമെന്നാണ് ആംആദ്മി പാര്‍ട്ടി കണക്കൂകുട്ടുന്നത്. എഎപി എംഎല്‍എമാരും കൗണ്‍സിലര്‍മാരും തൊഴിലാളികളും സാധാരണക്കാരും ഉള്‍പ്പെടെ നിരവധിപ്പേര്‍ മുന്‍ മുഖ്യമന്ത്രിക്ക് താമസ സൗകര്യം വാഗ്ദാനം രംഗത്തെത്തിയിരുന്നു. മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ആറുമാസത്തോളം കെജരിവാള്‍ തിഹാര്‍ ജയിലിലായിരുന്നു. ബിജെപിയുടെ രാഷ്ട്രീയ പകപോക്കലാണെന്ന് ആരോപിച്ച് കെജരിവാളും പാര്‍ട്ടി പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു.