‘ഓള്‍ റൗണ്ട്’ നിതീഷ്; ബംഗ്ലാദേശിനെതിരായ ടി20 പരമ്പര ഇന്ത്യക്ക്

Oct 10, 2024

ന്യൂഡല്‍ഹി: ബംഗ്ലാദേശിനെതിരായ ടി20 പരമ്പര ഇന്ത്യക്ക്. രണ്ടാം ടി20യില്‍ 86 റണ്‍സിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയാണ് ഇന്ത്യ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-0ത്തിനു ഉറപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സ് കണ്ടെത്തി. വിജയം തേടിയിറങ്ങിയ ബംഗ്ലാദേശിന്റെ പോരാട്ടം 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സില്‍ അവസാനിച്ചു.

ബാറ്റിങിനു പിന്നാലെ ബൗളിങിലും തിളങ്ങി രണ്ടാം ടി20 കളിക്കുന്ന നിതീഷ് കുമാര്‍ ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. 34 പന്തില്‍ നിന്ന് 74 റണ്‍സെടുത്ത നിതീഷ് ഇന്ത്യയുടെ ടോപ് സ്‌കോററായി. പിന്നാലെ 23 റണ്‍സ് വഴങ്ങി താരം 2 വിക്കറ്റുകളും സ്വന്തമാക്കി.

39 പന്തില്‍ 41 റണ്‍സെടുത്ത മഹ്മുദുല്ലയാണ് ബംഗ്ലാ നിരയില്‍ പിടിച്ചു നിന്ന ഏക ബാറ്റര്‍. താരം 3 സിക്‌സുകള്‍ തൂക്കി. പര്‍വേസ് ഹുസൈന്‍, മെഹ്ദി ഹസന്‍ മിറസ് (16 വീതം റണ്‍സ്), ലിറ്റന്‍ ദാസ് (14), ക്യാപ്റ്റന്‍ നജ്മല്‍ ഹുസൈന്‍ ഷാന്റോ (11) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. ഇന്ത്യക്കായി നിതീഷിനു പുറമെ വരുണ്‍ ചക്രവര്‍ത്തിയും ബൗളിങില്‍ തിളങ്ങി. താരം 4 ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി 2 വിക്കറ്റുകള്‍ നേടി. ഇന്ത്യന്‍ നിരയില്‍ പന്തെറിഞ്ഞ എല്ലാവര്‍ക്കും വിക്കറ്റ് കിട്ടി. അര്‍ഷ്ദീപ് സിങ്, വാഷിങ്ടന്‍ സുന്ദര്‍, അഭിഷേക് ശര്‍മ, മായങ്ക് യാദവ്, റിയാന്‍ പരാഗ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ സഞ്ജു സാംസണെ നഷ്ടമായി. ഏഴ് പന്തില്‍ പത്ത് റണ്‍സെടുത്ത സഞ്ജു ഷാന്റോയുടെ പന്തില്‍ പുറത്താകുകയായിരുന്നു. പിന്നാലെ 11 പന്തില്‍ 15 റണ്‍സ് നേടിയ അഭിഷേക് ശര്‍മയും പുറത്തായി. 25 ന് രണ്ട് എന്ന നിലയിലായ ഇന്ത്യയെ നായകന്‍ സൂര്യകുമാറും നിതീഷും ചേര്‍ന്ന് സ്‌കോര്‍ മുന്നോട്ട് കൊണ്ടുപോയെങ്കിലും എട്ട് റണ്‍സെടുത്ത് സൂര്യകുമാറും മടങ്ങി.

പിന്നീടെത്തിയ റിങ്കു സിങുമായി ചേര്‍ന്ന് നിതീഷ് സ്‌കോര്‍ അതിവേഗം മുന്നോട്ട് നീക്കി. 10 ഓവറില്‍ ഇന്ത്യ നൂറ് കടന്നു. സ്‌കോര്‍ 149 ല്‍ എത്തി നില്‍ക്കെ നിതിഷ് പുറത്തായി. പിന്നിടെത്തിയ ഹര്‍ദിക് പാണ്ഡ്യയും റിങ്കു സിങും(29 പന്തില്‍ 53) സ്‌കോര്‍ 185 ല്‍ എത്തിച്ചു. റിങ്കു പുറത്തായ ശേഷം ഹര്‍ദിക് പാണ്ഡ്യ ആക്രമണം ഏറ്റെടുത്തു. 19 പന്തില്‍ നിന്ന് 32 റണ്‍സെടുത്ത പാണ്ഡ്യ മടങ്ങുമ്പോള്‍ ഇന്ത്യ 214 ന് എട്ട് എന്ന നിലയിലായിരുന്നു. പിന്നീട് അര്‍ഷ്ദീപ് സിങ് (6), മായങ്ക് യാദവ് (1) എന്നിവര്‍ ചേര്‍ന്ന് സ്‌കോര്‍ 221ല്‍ എത്തിച്ചു. മായങ്കിനൊപ്പം വാഷിങ്ടന്‍ റണ്‍സൊന്നുമില്ലാതെ പുറത്താകാതെ നിന്നു.

LATEST NEWS