വനിതാ ടി 20 ലോകകപ്പില്‍ ഇന്ത്യയുടെ സെമി സാധ്യതകള്‍ ഇങ്ങനെ; പാകിസ്ഥാനും അവസരം

Oct 14, 2024

ഷാര്‍ജ: വനിതാ ടി20 ലോകകപ്പില്‍ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടെങ്കിലും ഇന്ത്യയുടെ സെമിഫൈനല്‍ പ്രവേശന സാധ്യത അസ്തമിച്ചിട്ടില്ല. എന്നാല്‍ ഇന്ത്യ അവസാന നാലില്‍ കടക്കണമെങ്കില്‍ അയല്‍ക്കാരായ പാകിസ്ഥാന്‍ കനിയേണ്ടതുണ്ട്. ഇന്നു നടക്കുന്ന മത്സരത്തില്‍ പാകിസ്ഥാന്‍ ന്യൂസിലന്‍ഡിനെ കുറഞ്ഞ മാര്‍ജിനില്‍ തോല്‍പ്പിച്ചാല്‍ നെറ്റ് റണ്‍റേറ്റിന്റെ മികവില്‍ ഇന്ത്യയ്ക്ക് സെമിഫൈനലില്‍ കടക്കാം.

ഗ്രൂപ്പ് എയില്‍ നാലു മത്സരങ്ങളില്‍ രണ്ടു വിജയവും രണ്ടു തോല്‍വിയും അടക്കം നാലു പോയിന്റാണ് ഇന്ത്യയ്ക്കുള്ളത്. നാലു മത്സരങ്ങളും വിജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായിട്ടാണ് ഓസ്‌ട്രേലിയ സെമിയില്‍ കടന്നത്. ഗ്രൂപ്പ് എയില്‍ നെറ്റ് റണ്‍റേറ്റില്‍ ഇന്ത്യയ്ക്കും ന്യൂസിലന്‍ഡിനും താഴെയാണ് പാകിസ്ഥാന്‍. അതേസമയം മികച്ച മാര്‍ജിനില്‍ വിജയിച്ചാല്‍ പാകിസ്ഥാനും സെമി ഫൈനലില്‍ കടക്കാന്‍ അവസരമുണ്ട്.

ഇന്നു നടക്കുന്ന മത്സരത്തില്‍ ന്യൂസിലന്‍ഡിനെ 53 റണ്‍സില്‍ കൂടുതല്‍ മാര്‍ജിനില്‍ തോല്‍പ്പിച്ചാല്‍ പാകിസ്ഥാന് സെമിയില്‍ കടക്കാം. ആദ്യം ബൗള്‍ ചെയ്യുകയാണെങ്കില്‍ ന്യൂസിലന്‍ഡ് മുന്നോട്ടുവെക്കുന്ന വിജയലക്ഷ്യം 9.1 ഓവറില്‍ മറികടന്നാലും പാകിസ്ഥാന് സെമിയിലെത്താം. കളിയില്‍ പാകിസ്ഥാനെ കീഴടക്കിയാല്‍ ഇന്ത്യയെയും പാകിസ്ഥാനെയും പിന്തള്ളി ന്യൂസിലന്‍ഡ് സെമിയില്‍ കടക്കും.

പിതാവിന്റെ മരണത്തെത്തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ഫാത്തിമ സന ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്. ഇന്നത്തെ മത്സരത്തില്‍ ഫാത്തിമ കളിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. നാട്ടിലേക്കു പോയതു കാരണം ഓസ്‌ട്രേലിയക്കെതിരെ ഫാത്തിമ കളിച്ചിരുന്നില്ല. ഗ്രൂപ്പില്‍ ഇപ്പോഴും എല്ലാവര്‍ക്കും സാധ്യത തുറന്നുകിടക്കുകയാണ്. കിവീസിനെതിരെ മികച്ച മാര്‍ജിനില്‍ ജയിച്ചാല്‍ സെമി ഫൈനലിലേക്ക് യോഗ്യത നേടാനുള്ള അവസരമുണ്ട്. അതിനാല്‍ പരമാവധി പോരാടുമെന്ന് താല്‍ക്കാലിക ക്യാപ്റ്റന്‍ മുനീബ അലി പറഞ്ഞു.

LATEST NEWS
‘ക്ഷണിച്ചത് കലക്ടര്‍; പ്രസംഗം സദുദ്ദേശത്തോടെ’; പിപി ദിവ്യ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കി

‘ക്ഷണിച്ചത് കലക്ടര്‍; പ്രസംഗം സദുദ്ദേശത്തോടെ’; പിപി ദിവ്യ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കി

കൊച്ചി: എഡിഎം നവീന്‍ ബാബു മരിച്ച കേസില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പിപി ദിവ്യ...