107-ാം വയസിലും ഹാര്‍മോണിയത്തിന്റെ കട്ടകളില്‍ വിരല്‍ അമര്‍ത്തി കുഞ്ഞമ്മ ചാക്കോ പാടുകയാണ്

Oct 18, 2024

കൊല്ലം: വയസ് 107 ആണ്. എങ്കിലും സംഗീതത്തിലെ ആവേശം ഒട്ടും ചോര്‍ന്നിട്ടില്ല കുഞ്ഞമ്മ ചാക്കോയ്ക്ക്. സ്വരശുദ്ധിയും ഹാര്‍മോണിയ പെട്ടിയുടെ ശബ്ദവും ഇപ്പോഴും നിറയുകയാണ് പൂയപ്പള്ളിയിലുള്ള വീട്ടില്‍.

ചാത്തന്നൂരിലെ ഒരു സാധാരണ ക്രിസ്ത്യന്‍ കുടുംബത്തിലാണ് കുഞ്ഞമ്മ ചാക്കോയുടെ ജനനം. എട്ട് വര്‍ഷം കര്‍ണാടക സംഗീതം അഭ്യസിച്ചു. അക്കാലത്ത് സാധാരണ പെണ്‍കുട്ടികള്‍ക്ക് സംഗീതം പഠിക്കുക എന്ന ആഗ്രഹം വളരെ കുറവായിരുന്നു. കുഞ്ഞമ്മയുടെ ആഗ്രഹത്തിന് കുടുംബം എല്ലാ പിന്തുണയും നല്‍കി ഒപ്പം നിന്നു. തുടര്‍ന്ന് അമ്മാവന്‍ കുഞ്ഞമ്മയെ സംഗീതം പഠിപ്പിക്കാന്‍ ഒരു ഭാഗവതരെ ഏര്‍പ്പാടാക്കി. സംഗീതം ഒരാളുടെ ചുണ്ടുകള്‍ ചലിപ്പിക്കുക മാത്രമല്ല, ദൈവത്തപ്പോലും പ്രീതിപ്പെടുത്തുന്ന തരത്തില്‍ സ്വരമാധുര്യമുള്ളതായിരിക്കണം. കുടുംബം നല്‍കിയ പിന്തുണ അത്രയേറെ വലുതാണെന്നു കുഞ്ഞമ്മ പറഞ്ഞു.

21 വയസുള്ളപ്പോള്‍ ഭര്‍ത്താവ് മരിച്ചു. കുടുംബം പോറ്റാന്‍ കുഞ്ഞമ്മ പിന്നീട് ചേര്‍ത്ത് പിടിച്ചത് സംഗീതത്തെയാണ്. പള്ളിപെരുന്നാളുകളിലും വിവാഹങ്ങളിലും പിറന്നാള്‍ ആഘോഷങ്ങളിലും ശവസംസ്‌കാര ചടങ്ങുകളിലുള്‍പ്പെടെ കുഞ്ഞമ്മയുടെ ശ്ബ്ദം പ്രിയപ്പെട്ടതായി.

പൂയപ്പള്ളിയിലെ മാര്‍ത്തോമ്മാ പള്ളിയുടെ ഗായക സംഘത്തിലെ അംഗം എന്ന നിലയിലും കുഞ്ഞമ്മ നാട്ടില്‍ അറിയപ്പെടുന്ന ഗായികയായി മാറി. ആയിരത്തിലധികം ചടങ്ങുകളിലും മറ്റ് ഇവന്റുകളിലും കുഞ്ഞമ്മ പാടി. അതും ഹാര്‍മോണിയത്തിന്റെ അകമ്പടിയില്‍. പ്രായാധിക്യത്തിലും പാടിക്കൊണ്ടിരിക്കാന്‍ തന്നെയാണ് കുഞ്ഞമ്മയ്ക്ക് ഏറെയിഷ്ടം.

ആരോഗ്യം വഷളാവുകയും കാഴ്ച മങ്ങുകയും ചെയ്തിട്ടും കുഞ്ഞമ്മ എല്ലാ ദിവസവും പാടുന്നുണ്ട്. ജീവന്‍ നിലനിര്‍ത്തുന്നത് തന്നെ സംഗീതത്തിന്റെ ശക്തിയാണെന്ന് കുഞ്ഞമ്മ പറയും. കുഞ്ഞമ്മ പാടുക മാത്രമല്ല, സ്വന്തം വരികള്‍ രചിച്ച് സംഗീതം നല്‍കുക കൂടി ചെയ്യുമായിരുന്നുവെന്ന് മകള്‍ ലില്ലിക്കുട്ടിയും പറയുന്നു.

LATEST NEWS
‘ക്ഷണിച്ചത് കലക്ടര്‍; പ്രസംഗം സദുദ്ദേശത്തോടെ’; പിപി ദിവ്യ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കി

‘ക്ഷണിച്ചത് കലക്ടര്‍; പ്രസംഗം സദുദ്ദേശത്തോടെ’; പിപി ദിവ്യ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കി

കൊച്ചി: എഡിഎം നവീന്‍ ബാബു മരിച്ച കേസില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പിപി ദിവ്യ...