46ന് മറുപടി 402! കളിയുടെ കടിഞ്ഞാണ്‍ കിവികള്‍ക്ക്

Oct 18, 2024

ബംഗളൂരു: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ 402 റണ്‍സ് കണ്ടെത്തി ന്യൂസിലന്‍ഡ്. രചിന്‍ രവീന്ദ്രയുടെ തകര്‍പ്പന്‍ സെഞ്ച്വറിയും ഡെവോണ്‍ കോണ്‍വെ, ടിം സൗത്തി എന്നിവര്‍ നേടിയ അര്‍ധ സെഞ്ച്വറികളും കിവി സ്‌കോറില്‍ നിര്‍ണായകമായി. 356 റണ്‍സിന്റെ മികച്ച ലീഡുമായാണ് അവര്‍ കളം വിട്ടത്.

157 പന്തില്‍ 13 ഫോറും 4 സിക്‌സും സഹിതം 134 റണ്‍സാണ് രചിന്‍ കണ്ടെത്തിയത്. താരത്തിന്റെ രണ്ടാം ടെസ്റ്റ് സെഞ്ച്വറി. ഒടുവില്‍ അവസാന വിക്കറ്റായാണ് താരം മടങ്ങിയത്.

ടിം സൗത്തി 73 പന്തില്‍ 5 ഫോറും 4 സിക്‌സും സഹിതം 65 റണ്‍സെടുത്തു രചിന് മികച്ച പിന്തുണ നല്‍കിയത് മികച്ച സ്‌കോറിലേക്ക് കിവികളെ എത്തിക്കുന്നതില്‍ നിര്‍ണായകമായി.

ഒന്നാം ഇന്നിങ്സില്‍ ഇന്ത്യയെ വെറും 46 റണ്‍സില്‍ പുറത്താക്കി ബാറ്റിങ് തുടങ്ങിയ അവര്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെന്ന നിലയിലാണ് മൂന്നാം ദിനം തുടങ്ങിയത്. തുടക്കത്തില്‍ നാല് വിക്കറ്റുകള്‍ ഇന്ത്യക്ക് വീഴ്ത്താന്‍ സാധിച്ചെങ്കിലും പിന്നീട് സൗത്തിയുമായി ചേര്‍ന്നാണ് രചിന്‍ ടീം സ്‌കോര്‍ 300 കടത്തിയത്.

ഇന്ത്യക്കായി രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ് എന്നിവര്‍ 3 വിക്കറ്റുകള്‍ വീഴ്ത്തി. മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. ആര്‍ അശ്വിന്‍, ജസ്പ്രിത് ബുംറ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. സെഞ്ച്വറിയിലേക്ക് നീങ്ങിയ കോണ്‍വെയെ അശ്വിന്‍ ക്ലീന്‍ ബൗള്‍ഡാക്കി.

മിന്നും തുടക്കം നല്‍കിയ ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെയ്ക്ക് സെഞ്ച്വറി നഷ്ടമായത് മാത്രമാണ് കിവികള്‍ക്ക് രണ്ടാം ദിനത്തില്‍ നിരാശ നല്‍കിയത്. താരം മൂന്ന് സിക്‌സും 11 ഫോറും സഹിതം 91 റണ്‍സുമായി മടങ്ങി.

ക്യാപ്റ്റന്‍ ടോം ലാതമാണ് ആദ്യം പുറത്തായത്. താരം 15 റണ്‍സെടുത്തു. വില്‍ യങ് (33) ആണ് പുറത്തായ മറ്റൊരാള്‍. മൂന്നാം ദിനത്തില്‍ ഡാരില്‍ മിച്ചല്‍ (18), ടോം ബ്ലന്‍ഡല്‍ (5), ഗ്ലെന്‍ ഫിലിപ്സ് (14), മാറ്റ് ഹെന്റി (8), അജാസ് പട്ടേല്‍ (4) എന്നിവരും മടങ്ങി.

ടോസ് കിട്ടി ബാറ്റിങിന് ഇറങ്ങിയ ഇന്ത്യക്ക് നാണക്കേടിന്റെ റെക്കോര്‍ഡ്. ഇന്ത്യ 46 റണ്‍സിന് പുറത്തായി. യശസ്വി ജയ്‌സ്വാള്‍(63 പന്തില്‍ 13), ഋഷഭ് പന്ത്(49 പന്തില്‍ 20) എന്നിവര്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കടന്നവര്‍. അഞ്ച് വിക്കറ്റ് നേടിയ മാറ്റ് ഹെന്റിയും നാല് വിക്കറ്റ് നേടിയ വില്ല്യം ഓറോക്കുമാണ് ഇന്ത്യയെ തകര്‍ത്തത്.

ഇന്നിങ്‌സ് ആരംഭിച്ച് ഏഴാമത്തെ ഓവറില്‍ നായകന്‍ രോഹിത് ശര്‍മ (2)പുറത്തായിന് ശേഷം പിന്നീടെത്തിയ എല്ലാവരുടെയും മോശം പ്രകടനമാണ് കാഴ്ചവെച്ചത്. വിരാട് കോഹ്ലി, സര്‍ഫാറസ് ഖാന്‍, കെഎല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍ തുടങ്ങിയവര്‍ പൂജ്യത്തില്‍ മടങ്ങി.

LATEST NEWS