ഇന്ത്യ 462ല്‍ പുറത്ത്; ന്യൂസിലന്‍ഡിന് ജയിക്കാന്‍ 107 റണ്‍സ്

Oct 19, 2024

ബംഗളൂരു: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് 107 റണ്‍സ് വിജയ ലക്ഷ്യം. ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സ് 462 റണ്‍സില്‍ അവസാനിച്ചു. നാലാം ദിനമായ ഇന്ന് ഇന്ത്യയുടെ അവസാന അഞ്ച് വിക്കറ്റുകള്‍ 29 റണ്‍സ് ചേര്‍ക്കുന്നതിനിടെ പിഴുത് കിവികള്‍ കളി അനുകൂലമാക്കുകയായിരുന്നു.

ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ 46 റണ്‍സ്. ന്യൂസിലന്‍ഡ് ഒന്നാം ഇന്നിങ്സില്‍ 402 റണ്‍സ്. 356 റണ്‍സ് ലീഡാണ് ന്യൂസിലന്‍ഡിനു ഒന്നാം ഇന്നിങ്സിലുണ്ടായിരുന്നത്.

രണ്ടാം ഇന്നിങ്‌സില്‍ സര്‍ഫറാസ് ഖാന്‍ (150) സെഞ്ച്വറി നേടി. താരത്തിന്റെ കന്നി ടെസ്റ്റ് സെഞ്ച്വറി. ഋഷഭ് പന്ത് (99), വിരാട് കോഹ്‌ലി (70), ക്യാപ്റ്റന്‍ രോഹിത് ശര്‍മ (52) എന്നിവര്‍ അര്‍ധ സെഞ്ച്വറി സ്വന്തമാക്കി. യശസ്വി ജയ്‌സ്വാളാണ് (35) തിളങ്ങിയ മറ്റൊരു താരം.

ന്യൂസിലന്‍ഡിനായി മാറ്റ് ഹെന്റി, വില്ല്യം ഓറുര്‍ക്ക് എന്നിവര്‍ 3 വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. അജാസ് പട്ടേല്‍ രണ്ട് വിക്കറ്റുകള്‍ എടുത്തു. ടിം സൗത്തി, ഗ്ലെന്‍ ഫിലിപ്‌സ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

മികച്ച രീതിയില്‍ ബാറ്റ് വീശിയ ഋഷഭ് പന്തിന് സെഞ്ച്വറി നഷ്ടമായി. താരത്തെ 99 റണ്‍സില്‍ വില്ല്യം ഓറുര്‍ക്ക് ക്ലീന്‍ ബൗള്‍ഡാക്കി. 9 ഫോറും 5 സിക്‌സും സഹിതമാണ് പന്ത് സെഞ്ച്വറി വക്കില്‍ എത്തിയത്.
ഇന്നലെ കളി അവസാനിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 231 എന്ന നിലയിലായിരുന്നു ഇന്ത്യ. ഇന്ന് മത്സരം തുടങ്ങി അധികം വൈകാതെ തന്നെ സര്‍ഫറാസ് ഖാന്‍ സെഞ്ച്വറി തികച്ചു.

മഴ മാറി കളി പുനരാരംഭിച്ച ശേഷം സര്‍ഫറാസ് 150 റണ്‍സിലെത്തി. പിന്നാലെ താരം മടങ്ങി. 195 പന്തുകള്‍ നേരിട്ട് 18 ഫോറും 3 സിക്സും സഹിതമാണ് താരം കന്നി ടെസ്റ്റ് സെഞ്ച്വറിയുമായി മടങ്ങിയത്. ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കാന്‍ വേണ്ടിയിരുന്ന 125 റണ്‍സ് മറികടന്ന് ഇന്ത്യ വന്‍ സ്‌കോറിലേക്ക് കുതിക്കുന്നതിനിടെയാണ് മഴയെത്തിയത്.

മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സെന്ന നിലയിലാണ് ഇന്ത്യ നാലാം ദിനം ആരംഭിച്ചത്. സര്‍ഫറാസ് വേഗത്തില്‍ റണ്‍സ് കണ്ടെത്തി സെഞ്ച്വറിയും പൂര്‍ത്തിയാക്കി. വിരാട് കോഹ്ലി (70), ക്യാപ്റ്റന്‍ രോഹിത് ശര്‍മ (52) എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി ഇന്ത്യന്‍ സ്‌കോറിലേക്ക് മികച്ച സംഭാവന നല്‍കി. യശസ്വി ജയ്സ്വാളും (35) മികച്ച രീതിയില്‍ തന്നെ തുടങ്ങി. എന്നാല്‍ ഇന്നിങ്സ് അധികം നീണ്ടില്ല.

നേരത്തെ രോഹിത് ശര്‍മയെ, കിവീസ് സ്പിന്നര്‍ അജാസ് പട്ടേല്‍ ബൗള്‍ഡാക്കി. ജയ്സ്വാളിനെ ബ്ലണ്ടല്‍ സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു.

ഒന്നാം ഇന്നിങ്സില്‍ ഇന്ത്യയെ വെറും 46 റണ്‍സിനു പുറത്താക്കി കിവികള്‍ 402 റണ്‍സെന്ന മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയിരുന്നു. രചിന്‍ രവീന്ദ്രയുടെ (134) സെഞ്ച്വറി കരുത്തിലാണ് ന്യൂസിലന്‍ഡ് മികച്ച സ്‌കോര്‍ നേടിയത്. ഡെവോണ്‍ കോണ്‍വെ (91), ടിം സൗത്തി (65) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.

LATEST NEWS