‘ഡല്‍ഹി വിട്ടത് കാശിനെച്ചൊല്ലി തര്‍ക്കിച്ച്‌’; ഗാവസ്‌കര്‍ക്കു മറുപടിയുമായി ഋഷഭ് പന്ത്

Nov 19, 2024

ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ മെഗാ ലേലത്തിന് മുന്നോടിയായി തുകയെ ചൊല്ലിയുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാകാം ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഡല്‍ഹി ക്യാപിറ്റല്‍സ് വിട്ടതെന്ന ഇതിഹാസ താരം സുനില്‍ ഗാവസ്‌കറുടെ വിലയിരുത്തല്‍ തള്ളി ഋഷഭ് പന്ത്. ‘പണവുമായി ബന്ധപ്പെട്ട കാര്യത്തിനല്ല ഞാന്‍ ഡല്‍ഹി വിട്ടതെന്ന് എനിക്ക് ഉറപ്പിച്ചു പറയാന്‍ കഴിയും’- എക്‌സിലൂടെയാണ് ഋഷഭ് പന്ത് സുനില്‍ ഗാവസ്‌കറിന് മറുപടി നല്‍കിയത്.

കഴിഞ്ഞ വര്‍ഷം ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ക്യാപ്റ്റന്‍ ആയിരുന്നു പന്ത്. വാഹനാപകടത്തില്‍ നിന്ന് തിരിച്ചുവന്നതിന് ശേഷം ഡല്‍ഹി ക്യാപിറ്റല്‍സില്‍ മടങ്ങിയെത്തിയ ഋഷഭ് പന്ത് ഫ്രാഞ്ചൈസികള്‍ നിലനിര്‍ത്താത്ത മാര്‍ക്വീ താരങ്ങളില്‍ ഒരാളാണ്. നവംബര്‍ 24, 25 തീയതികളില്‍ സൗദി അറേബ്യയിലെ ജിദ്ദയില്‍ വച്ചാണ് ഐപിഎല്‍ ലേലം നടക്കുന്നത്. ലേലത്തില്‍ ഏറ്റവും കൂടുതല്‍ ഡിമാന്‍ഡുള്ള താരങ്ങളില്‍ ഒരാളായിരിക്കും ഋഷഭ് പന്ത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡല്‍ഹി ക്യാപിറ്റല്‍സ് ഒരിക്കല്‍ കൂടി പന്തിനെ മടക്കി കൊണ്ടുവരാന്‍ ശ്രമം നടത്തുമെന്ന് പറഞ്ഞ് സുനില്‍ ഗാവസ്‌കര്‍ നടത്തിയ വിലയിരുത്തലിനാണ് ഋഷഭ് പന്ത് മറുപടി നല്‍കിയത്. സ്റ്റാര്‍ സ്‌പോര്‍ട്‌സിനോട് സംസാരിക്കുന്നതിനിടെയാണ് ഋഷഭ് പന്തിനെ ഡല്‍ഹി ക്യാപിറ്റല്‍സ് നിലനിര്‍ത്താതിരുന്നതിനുള്ള കാരണം സംബന്ധിച്ച് ഗാവസ്‌കര്‍ വിശദീകരിച്ചത്. ഫ്രാഞ്ചൈസിയും കളിക്കാരനും തമ്മില്‍ ഫീസിന്റെ കാര്യത്തില്‍ അഭിപ്രായവ്യത്യാസമുണ്ടായത് കൊണ്ടാകാം ഋഷഭ് പന്തിനെ ഡല്‍ഹി ക്യാപിറ്റല്‍സ് നിലനിര്‍ത്താതിരുന്നത് എന്നാണ് തന്റെ നിഗമനമെന്ന് ഗാവസ്‌കര്‍ അഭിപ്രായപ്പെട്ടു.

‘ലേലത്തിന്റെ ചലനാത്മകത തീര്‍ത്തും വ്യത്യസ്തമാണ്. അത് എങ്ങനെ പോകുമെന്ന് ഞങ്ങള്‍ക്ക് ശരിക്കും അറിയില്ല. എന്നാല്‍ എനിക്ക് തോന്നുന്നത് ഋഷഭ് പന്തിനെ ടീമിലേക്ക് തിരികെ കൊണ്ടുവരാന്‍ ഡല്‍ഹി തീര്‍ച്ചയായും ആഗ്രഹിക്കുമെന്നാണ്. ചിലപ്പോള്‍, ഒരു കളിക്കാരനെ നിലനിര്‍ത്തേണ്ടിവരുമ്പോള്‍, ഫ്രാഞ്ചൈസിയും കളിക്കാരനും തമ്മില്‍ ചര്‍ച്ചകള്‍ നടക്കാറുണ്ട്. ഇവിടെ ഒരുപക്ഷേ തനിക്ക് വിലയിട്ടിത് പോരാ എന്ന് താരത്തിന് തോന്നിയാല്‍ തന്നെ ഒഴിവാക്കാന്‍ പറയാം. ഫീസിനെ ചൊല്ലി എന്തെങ്കിലും അഭിപ്രായവ്യത്യാസമുണ്ടായിരിക്കാം,’- ഗാവസ്‌കര്‍ പറഞ്ഞു.

‘പന്ത് പട്ടികയില്‍ ഇല്ലെങ്കില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് പുതിയ ക്യാപ്റ്റനെ തേടേണ്ടിവരും. എന്റെ തോന്നല്‍ ഡല്‍ഹിക്ക് തീര്‍ച്ചയായും പന്തിനെ തിരികെ വേണം, കാരണം അവര്‍ക്ക് ഒരു ക്യാപ്റ്റന്‍ കൂടി വേണം. ഋഷഭ് പന്ത് അവരുടെ ടീമില്‍ ഇല്ലെങ്കില്‍, അവര്‍ ഒരു പുതിയ ക്യാപ്റ്റനെ നോക്കേണ്ടി വരും. എന്റെ തോന്നല്‍ ഡല്‍ഹി തീര്‍ച്ചയായും ഋഷഭ് പന്തിന് വേണ്ടി ശ്രമിക്കും’- സുനില്‍ ഗാവസ്‌കര്‍ പറഞ്ഞു.

ഡല്‍ഹി ക്യാപിറ്റല്‍സ് വിട്ടയച്ച പന്ത് ലേലത്തില്‍ ഇറങ്ങുമ്പോള്‍ താരത്തിനായി വമ്പന്‍ ലേലം വിളി നടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2016 മുതല്‍ ഡല്‍ഹിക്ക് വേണ്ടി കളിച്ച 27-കാരന്‍ 3284 റണ്‍സ് നേടിയിട്ടുണ്ട്.

LATEST NEWS
വഖഫ് ഭൂമി സര്‍ക്കാര്‍ തിരിച്ചു പിടിക്കണം; കയ്യേറ്റക്കാരെ ഒഴിപ്പിക്കണം; വഖഫ് സംരക്ഷണ സമിതി

വഖഫ് ഭൂമി സര്‍ക്കാര്‍ തിരിച്ചു പിടിക്കണം; കയ്യേറ്റക്കാരെ ഒഴിപ്പിക്കണം; വഖഫ് സംരക്ഷണ സമിതി

കൊച്ചി: മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്ന് കേരള വഖഫ് സംരക്ഷണ സമിതി. വഖഫ്...

ഭാരത് ഡൈനാമിക്‌സില്‍ 150 ഒഴിവുകള്‍; രജിസ്‌ട്രേഷന്‍ നവംബര്‍ 25 വരെ; പത്താം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്ക് അവസരം

ഭാരത് ഡൈനാമിക്‌സില്‍ 150 ഒഴിവുകള്‍; രജിസ്‌ട്രേഷന്‍ നവംബര്‍ 25 വരെ; പത്താം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്ക് അവസരം

പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഭാരത് ഡൈനാമിക്‌സ് ലിമിറ്റഡില്‍ വിവധ...