‘ദിസ് കോള്‍ ഈസ് കണക്ടിങ് ടു മുംബൈ സൈബര്‍ പൊലീസ് സ്‌റ്റേഷന്‍’; തട്ടിപ്പിനെതിരെ ജാഗ്രത!

Nov 20, 2024

ഡിജിറ്റല്‍ അറസ്റ്റ് എന്ന പേരില്‍ സൈബര്‍ തട്ടിപ്പിനു ശ്രമിച്ചവരെ തിരുവനന്തപുരം സ്വദേശിയായ വിദ്യാര്‍ഥി അശ്വഘോഷ് സൈന്ധവ് ബുദ്ധിപൂര്‍വം നേരിട്ട്, ഇത്തരം സൈബര്‍ തട്ടിപ്പ് എങ്ങനെയെന്ന് ഫെയ്‌സ്ബുക്ക് ലൈവിലൂടെ ലോകത്തെ കാണിച്ചുകൊടുത്തത് ഇന്നലെയാണ്. ഇതു വലിയ വാര്‍ത്തയായതിനു പിന്നാലെ കേരള പൊലീസ് തന്നെ അശ്വഘോഷിനെ അഭിനന്ദിച്ചു രംഗത്തുവന്നിരുന്നു. ഇപ്പോഴിതാ, ഇന്നലെ നടന്ന സംഭവത്തെ വിശദാംശങ്ങളോടെ വിവരിക്കുകയാണ്, അശ്വഘോഷിന്റെ പിതാവ് ടിസി രാജേഷ്. രാജേഷിന്റെ ഫോണിലേക്കു വന്ന തട്ടിപ്പുകാരുടെ വിളിയാണ്, സംഭവങ്ങളുടെ തുടക്കം. സൈബര്‍ തട്ടിപ്പിനെതിരെ ജാഗരൂകരാവാന്‍ രാജേഷ് ഫെയ്‌സ്ബുക്കില്‍ എഴുതിയ ഈ വിവരണം ഉപകരിക്കും.

കുറിപ്പു വായിക്കാം:

“ഇത് ഭാരത് ടെലികോം അതോറിറ്റി ഓഫീസിൽ നിന്നുള്ള അറിയിപ്പാണ്. നിങ്ങളുടെ ഫോൺ നമ്പർ ഉപയോഗിച്ച് നിയമവിരുദ്ധപ്രവർത്തനങ്ങൾ നടന്നിരിക്കുന്നതിനാൽ രണ്ടുമണിക്കൂറിനുള്ളിൽ സിം ക്യാൻസൽ ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് ഒന്ന് അമർത്തുക, കസ്റ്റമർ കെയർ ഓഫീസറോട് സംസാരിക്കാൻ 0 അമർത്തുക”

ഇന്നലെ പന്ത്രണ്ടരയോടെ +99867057023 എന്ന നമ്പറിൽനിന്ന് വന്ന ഐവിആർ കോളിലെ ഇംഗ്‌ളീഷിലും ഹിന്ദിയിലുമുള്ള സന്ദേശം ഇതായിരുന്നു. 11 അക്കമുള്ള ആ നമ്പർ കണ്ടാൽ നമുക്ക് ആദ്യം യാതൊരു സംശയവും തോന്നില്ല. നമ്മൾ ഒന്ന് അമർത്തിയാലും 0 അമർത്തിയാലും ഒരിടത്തേക്കു തന്നെയാകും കോൾ പോകുക. ഒരെണ്ണം കൂടുതൽ വിവരങ്ങൾക്കും രണ്ടാമത്തേത് നേരിട്ട് സംസാരിക്കാനുമാണ്. കൂടുതൽ വിവരത്തിനുള്ളതിൽ ഞെക്കിയാലും നേരിട്ടു സംസാരിക്കുന്നിടത്തേക്കല്ലാതെ മറ്റൊരിടത്തേക്കും കണക്ട് ചെയ്യപ്പെടില്ല.

അധികം പരീക്ഷിക്കാൻ നിൽക്കാതെ അപ്പോൾതന്നെ ഫോൺ അച്ചുവിന് കൈമാറി. അങ്ങനെ ആദ്യം 0 ഞെക്കി. അപ്പോൾ ഐവിആർ ഇങ്ങനെ മൊഴിഞ്ഞു:

”നിങ്ങളുടെ ഫോൺ കണക്ടു ചെയ്യുകയാണ് ഹോൾഡ് ചെയ്യുക. പരിശീലനത്തിനും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുമായി ഈ കോൾ റെക്കോഡ് ചെയ്യപ്പെടുന്നുണ്ട്.”

ഇതൊക്കെ കേട്ടാൽ ആർക്കെങ്കിലും സംശയം തോന്നുമോ? തുടര്ർന്ന് ഫോൺ കണക്ടായി:

”ഗുഡ്‌മോണിംഗ് സർ, ഇത് ടെലകോം ഡിപ്പാർട്‌മെന്റാണ്. എന്തു സഹായമാണ് വേണ്ടത്?’ – ഫോൺ അറ്റൻഡ് ചെയ്ത പുരുഷശബ്ദം ചോദിക്കുന്നു. ഇവിടംതൊട്ടാണ് കളികൾ തുടങ്ങുന്നത്.

സിം കട്ടാകുമെന്നു പറഞ്ഞുവന്ന കോളിന്റെ കാര്യം അവരോട് പറഞ്ഞു. പേരു ചോദിച്ചശേഷം അൽപം വെയ്റ്റ് ചെയ്യൂ, നോക്കട്ടെ എന്നവർ. ഇവർക്ക് നമ്മുടെ പേരു പോലും അറിയില്ലെന്നതാണ് വസ്തുത.

തുടർന്ന് നമ്മളെ കുറച്ചുനേരം കാത്തിരുത്തി. അതിനുശേഷം, അവർ നമ്മുടെ ശരിക്കുള്ള ഫോൺ നമ്പർ ഇങ്ങോട്ടു പറഞ്ഞു. ആ നമ്പർ നമ്മുടേതാണെന്ന് കൺഫേം ചെയ്തുകഴിയുമ്പോഴാണ് ആദ്യ അടവ് പുറത്തെടുക്കുക.

“വളരെ സുപ്രധാനമായ ഒരു കാര്യമാണ് ഞങ്ങളുടെ രജിസ്റ്ററിൽ കാണുന്നത്. 665ൽ അവസാനിക്കു ആ നമ്പർ നിങ്ങളുടേതാണോ?”

“അല്ല സർ, ഞങ്ങൾക്ക് അങ്ങനെയൊരു നമ്പർ ഇല്ല.”

“നിങ്ങളുടെ പേരിൽ അങ്ങനെയൊരു സിം കാർഡ് ഉണ്ട്. അതുപയോഗിച്ച് നിയമവിരുദ്ധപ്രവർത്തനങ്ങൾ നടന്നിട്ടുള്ളതായി ഒട്ടേറെ പരാതികൾ ടെലഫോൺ റെഗുലേറ്ററിയിൽ കിട്ടിയിട്ടുണ്ട്.”

സംസാരിച്ചുകൊണ്ടിരിക്കെ ഈ കോൾ കട്ടാകുന്നു. തുടർന്ന് കോൾ വരുന്നത് മറ്റൊരു നമ്പറിൽനിന്നാണ്: +99118001034444

“ഹലോ മിസ്റ്റർ രാജേഷ്. ഇത് ടെലകോം റെഗുലേറ്ററി അതോറിട്ടി ഓഫ് ഇൻഡ്യയിൽ നിന്നാണ്. നിങ്ങളെന്തിനാണ് കോൾ കട്ടാക്കിയത്”- അൽപം പരുക്കൻ സ്വരത്തിലാണ് ചോദ്യം.

“ഞങ്ങൾ കോൾ കട്ടാക്കിയില്ല സാർ.”

വീണ്ടും അവർ കുറ്റം ആവർത്തിച്ചു. എന്നിട്ട് താഴെപ്പറയുന്ന കാര്യങ്ങൾ എഴുതിയെടുപ്പിച്ചു.

“എഫ്‌ഐആർ നമ്പർ: MH1045 , തിയതി: 10 ഒക്ടോബർ 2024, പരാതിക്കിടയാക്കിയ മൊബൈൽ നമ്പർ: 776413665റീസൺ ഫോർ വയലേഷൻ: ഇല്ലീഗൽ അഡ്വർടൈസ്‌മെന്റ്, ഹരാസിംഗ്…. മൈാബൈൽ നമ്പർആപ്ലിക്കേഷൻ ലൊക്കേഷൻ: ഷോപ് നമ്പർ 10, ക്രൂഷ്യൽ ടവർ, ഗാഡ്‌കോപ്പർ ബാഹുൽ റോഡ, ചേമ്പൂർ വെസ്റ്റ്, തിലക് നഗർ, മുംബൈ – 400089

മൈ നെയിം ഈസ് രവികുമാർ ചൗധരി മൈ ട്രായ് ഐഡി ഈസ് 27545”

ഇത് ആവർത്തിച്ച് വായിപ്പിച്ച് എല്ലാം കൃത്യമാണെന്ന് ഉറപ്പാക്കിയശേഷം പ്രശ്‌നമെല്ലാംകൂടി ബ്രീഫായി ഒന്നുകൂടി വിവരിച്ചു. ഈ നമ്പർ ഉപയോഗിച്ച് മറ്റ് സംസ്ഥാനങ്ങളിലുൾപ്പെടെ ഇത്തരം പ്രശ്‌നങ്ങളിലേക്കുപോകാൻ സാധ്യതയുണ്ടെന്നും അത് പരിഹരിക്കാൻ പോലീസിൽ ബന്ധപ്പെടണമെന്നും മുകളിൽതന്ന വിവരങ്ങൾ മുഴുവനും അവരോട് പറയണമെന്നും ഉപദേശം.

ഇത്രയുമായാൽപിന്നെന്ത് സംശയം!

തുടർന്ന് മുംബൈ സൈബർ ക്രൈം ഡിപ്പാർട്‌മെന്റിലേക്ക് ഫോൺ കണക്ട് ചെയ്യാമെന്ന് രവികുമാർ ചൗധരി ഉദാരമതിയാകുന്നു. കോൾ അവിടേക്കുള്ള കണക്ടിംഗിന്‌റെ ഭാഗമായി ഐവിആർ പെൺകുട്ടിയെ ശ്രവിക്കുന്നു: “ദിസ് കോൾ ഈസ് കണക്ടിംഗ് ടു മുംബൈ സൈബർ പോലീസ് സ്‌റ്റേഷൻ”

അതുകഴിയുമ്പോഴേ മറുതലയ്ക്കൽ നിന്ന് ഘനഗംഭീരമായ ശബ്ദം: “സൈബർ ക്രൈം ഡിപ്പാർട്‌മെന്‌റ് മുംബൈ…”

അങ്ങനെ ആ ഉദ്യോഗസ്ഥൻ കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കുന്നു. ശേഷം അദ്ദേഹം അവരുടെ രേഖ പരിശോധിച്ചശേഷം (അതിനൊക്കെ ആവശ്യമായ സമയം എടുക്കും) ആ ഞെട്ടിക്കുന്ന സത്യം വെളിപ്പെടുത്തുകയാണ്: നിങ്ങളുടെ ഈ മൊബൈൽ നമ്പർ ഉപയോഗിച്ച് നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന് 24 കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നത്!”

ശരിക്കും നമ്മൾ ഞെട്ടിത്തെറിക്കേണ്ടേ?

ഈ കോൾ ഏതാണ്ട് മുക്കാൽ മണിക്കൂറിലേറെയാണ് നീണ്ടത്. നമ്മുടെ വിശദമായ സ്റ്റേറ്റ്‌മെന്റ് എടുക്കാനായി മുംബൈയിലെത്തണമെന്നാണ് ആദ്യം പറഞ്ഞത്. അത് പറ്റില്ലെന്നു പറഞ്ഞപ്പോൾ സ്‌കൈപ്പിൽ ഡിജിറ്റലായി സ്റ്റേറ്റ്‌മെന്റ് എടുക്കാമെന്ന് അവർ നിർദ്ദേശിച്ചു. സ്‌കൈപ്പിൽ കോൾ കണക്ടായാൽ ഫോണ്‍ കോൾ കട്ടാകുമെന്നും സ്‌കൈപ്പിൽ ആധാർ കാർഡ് ഉൾപ്പെടെയുള്ള ഡോക്യുമെന്റുകൾ അയച്ചുകൊടുക്കണമെന്നുമുള്ള നിർദ്ദേശം നമ്മൾ ശിരസാവഹിക്കുന്നു.

സ്‌കൈപ്പിൽ കയറി ചാറ്റിൽ അവർ തന്ന live:.cid.7fe744e3a506f0bf എന്ന കോഡ് ടൈപ്പ് ചെയ്തു. അപ്പോൾ മുംബൈ സൈബർ പോലീസ് എന്ന ഐഡിയിലേക്ക് നമ്മൾ കണക്ടായി.

ഇനി റേഡിയോ നാടകത്തിൽനിന്ന് നമ്മൾ വീഡിയോ നാടകത്തിലേക്ക് കടക്കുകയാണ്. സ്‌ക്രീനിൽ പോലീസ് യൂണിഫോമിൽ പ്രത്യക്ഷപ്പെടുന്ന വ്യക്തി നമ്മെ ഐഡികാർഡ് വരെ കാണിക്കും. എന്നിട്ട് കതകും മറ്റും അടച്ച് കുറ്റിയിടുവിക്കും. സ്‌കൈപ്പിന്റെ ക്യാമറ 360 ഡിഗ്രി തിരിപ്പിച്ച് പരിസരം വീക്ഷിക്കും.

ഞാനപ്പോൾ മേശക്കടിയിൽ കയറിയിരുന്നാണ് അവരുടെ കണ്ണുവെട്ടിച്ചത്.

‘ആ പണി ഇവിടെ നടക്കില്ല’; സൈബർ തട്ടിപ്പ് സംഘത്തിന്റെ കള്ളി പൊളിച്ച് വിദ്യാർഥി

ആധാർ കാർഡ് കയ്യിലില്ലെന്നും നമ്പർ പറയാമെന്നും പറഞ്ഞപ്പോൾ അവരത് സമ്മതിച്ചു. തെറ്റായ നമ്പറാണ് കൊടുത്തത്. ഈ വിവരങ്ങൾ ക്രോസ് ചെക് ചെയ്യാൻ സെൻട്രൽ ഓഫീസുമായി അവർ വയർലസിൽ ബന്ധപ്പെടുന്നതൊക്കെ നമുക്ക് കേൾക്കാം. വയർലെസ് സെറ്റിന്റെ ശബ്ദം, ഓവർ ഓവർ എന്ന പ്രയോഗമൊക്കെ നമുക്ക് ആവർത്തിച്ചു കേൾക്കാം. ഏതാനും നിമിഷങ്ങൾക്കകം സെൻട്രൽ ഓഫീസിൽ നിന്ന് അവർക്ക് കൺഫർമേഷൻ കിട്ടി. ആ ആധാർ നമ്പറിൽ രാജേഷ് കുമ്മാർ എന്നയാള്‍ ഉണ്ടത്രെ!

അങ്ങനെ, പത്രങ്ങളിൽ വായിച്ചുമാത്രം പരിചയമുള്ള ‘ഡിജിറ്റൽ അറസ്റ്റ്’ എന്താണെന്നും ഈ തട്ടിപ്പുകാരെ ‘ഊശി’യാക്കുന്നതെങ്ങനെയാണെന്നും ഇന്നലെ ഫെയ്‌സ് ബുക്കിലെ ലൈവ് വീഡിയോയിലൂടെ ലോകത്തെ മുഴുവൻ കാണിക്കാൻ പറ്റിയതിൽ സന്തോഷം.

LATEST NEWS
വഖഫ് ഭൂമി സര്‍ക്കാര്‍ തിരിച്ചു പിടിക്കണം; കയ്യേറ്റക്കാരെ ഒഴിപ്പിക്കണം; വഖഫ് സംരക്ഷണ സമിതി

വഖഫ് ഭൂമി സര്‍ക്കാര്‍ തിരിച്ചു പിടിക്കണം; കയ്യേറ്റക്കാരെ ഒഴിപ്പിക്കണം; വഖഫ് സംരക്ഷണ സമിതി

കൊച്ചി: മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്ന് കേരള വഖഫ് സംരക്ഷണ സമിതി. വഖഫ്...

ഭാരത് ഡൈനാമിക്‌സില്‍ 150 ഒഴിവുകള്‍; രജിസ്‌ട്രേഷന്‍ നവംബര്‍ 25 വരെ; പത്താം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്ക് അവസരം

ഭാരത് ഡൈനാമിക്‌സില്‍ 150 ഒഴിവുകള്‍; രജിസ്‌ട്രേഷന്‍ നവംബര്‍ 25 വരെ; പത്താം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്ക് അവസരം

പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഭാരത് ഡൈനാമിക്‌സ് ലിമിറ്റഡില്‍ വിവധ...