അപകടത്തില്‍ പരിക്കേറ്റു തളര്‍ന്ന 12കാരന് രണ്ടു കോടി നഷ്ടപരിഹാരം

Nov 23, 2024

കൊച്ചി: ഒരു കുടുംബത്തിലെ മൂന്ന് പേരുടെ ജീവനെടുത്ത മേക്കടമ്പ് വാഹനാപകടത്തില്‍ പരിക്കേറ്റ് എട്ട് വര്‍ഷമായി പൂര്‍ണമായി തളര്‍ന്നു കിടപ്പിലായ കുട്ടിക്ക് 84.87 ലക്ഷം രൂപയും 9% പലിശയും നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി വിധി. 85 മാസത്തെ പലിശ ഉള്‍പ്പെടെ ഇത് രണ്ട് കോടി രൂപയോളം വരും. പരിക്കേറ്റ ജ്യോതിസ് രാജ് കൃഷ്ണയ്ക്ക് നഷ്ടപരിഹാരം നല്‍കാനാണ് ഉത്തരവ്.

എംഎസിടി കോടതി വിധിച്ച 44.94 ലക്ഷം രൂപ നഷ്ടപരിഹാര തുക കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടു ഇന്‍ഷുറന്‍സ് കമ്പനി നല്‍കിയ അപ്പീല്‍ തള്ളിയ ഹൈക്കോടതി നഷ്ടപരിഹാര തുക വര്‍ധിപ്പിക്കണമെന്ന കുടുംബത്തിന്റെ അപ്പീല്‍ ഭാഗികമായി അനുവദിച്ചു. ജ്യോതിസ് രാജിന്(12) വേണ്ടി പിതാവ് രാജേഷ് കുമാര്‍ നല്‍കിയ അപ്പീല്‍ ജസ്റ്റിസ് എസ് ഈശ്വരനാണ് പരിഗണിച്ചത്. തുക 30 ദിവസത്തിനകം നല്‍കണമെന്നാണ് ഉത്തരവ്. മൂവാറ്റുപുഴ എംഎസിടി കോടതി 2020ല്‍ 44.94 ലക്ഷം രൂപയാണ് നഷ്ടപരിഹാരം വിധിച്ചത്. ഒരു നഷ്ടപരിഹാരത്തുകയും കുട്ടിക്ക് നഷ്ടപ്പെട്ട ബാല്യകാലം മടക്കി നല്‍കില്ലെന്ന് 8 വര്‍ഷമായി കുട്ടി തളര്‍ന്നു കിടക്കുന്നത് ചൂണ്ടിക്കാട്ടി കോടതി പറഞ്ഞു.

2016 ഡിസംബര്‍ 3ന് രാത്രിയാണ് മേക്കടമ്പ് പഞ്ചായത്തിന് സമീപം അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട കാര്‍ പാഞ്ഞു കയറി ആനകുത്തിയില്‍ രാധ (60), രജിത(30), നിവേദിത(6) എന്നിവര്‍ മരിച്ചു. നവമി, രാധയുടെ മകള്‍ പ്രീജ, പ്രീജയുടെ മക്കളായ ജ്യോതിസ് രാജ്, ശ്രേയ എന്നിവര്‍ക്കു ഗുരുതരമായി പരിക്കേറ്റു. അപകടം നടക്കുമ്പോള്‍ ജ്യോതിസ് രാജ് കൃഷ്ണയ്ക്ക് നാല് വയസായിരുന്നു. കുട്ടിക്ക് 77% വൈകല്യം സംഭവിച്ചതായി കണക്കാക്കിയാണ് എംഎസിടി കോടതി നഷ്ടപരിഹാരം വിധിച്ചത്.

ഹൈക്കോടതി കുട്ടിക്ക് 100% വൈകല്യം സംഭവിച്ചതായി കണക്കിലെടുത്താണ് നഷ്ടപരിഹാരം വര്‍ധിപ്പിച്ചത്. ഭാവി ചികിത്സയ്ക്കുള്ള തുകയായി 3 ലക്ഷം രൂപയും ഹൈക്കോടതി അധികമായി നഷ്ടപരിഹാര തുകയ്‌ക്കൊപ്പം ചേര്‍ത്തു. സഹായിക്കോ പരിചരിക്കുന്ന ആള്‍ക്കോ ഉള്ള തുക 10 ലക്ഷത്തില്‍ നിന്ന് 37.80 ലക്ഷമായി ഉയര്‍ത്തി, പെയിന്‍ ആന്റ് സഫറിങ് ചാര്‍ജ് 3 ലക്ഷത്തില്‍ നിന്ന് 15 ലക്ഷമാക്കി. അപകടത്തില്‍ സംഭവിച്ച സ്ഥിര വൈകല്യത്തിന് 11.08 ലക്ഷമാണ് എംഎസിടി കോടതി വിധിച്ചത്. ഇത് 43.65 ലക്ഷമായും ഉയര്‍ത്തി.

LATEST NEWS