ദുബായ്: ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ ഇടിവ് തുടരുന്നതിനിടെ, ഒരു യുഎഇ ദിര്‍ഹത്തിന് മൂല്യം 23 രൂപ വരെയായി. തിങ്കളാഴ്ച വൈകീട്ട് വരെയുള്ള കണക്കാണിത്. ഇതേത്തുടര്‍ന്ന് വന്‍തോതിലാണ് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് പ്രവാസികള്‍ നാട്ടിലേക്ക് പണമയക്കുന്നത്.
യുഎഇയില്‍ ഓണ്‍ലൈന്‍ എക്‌സ്‌ചേഞ്ച് സേവനങ്ങള്‍ നല്‍കുന്ന ബോട്ടിം ആപ്പില്‍ വിനിമയനിരക്ക് ഒരു ദിര്‍ഹത്തിന് 24 രൂപവരെയെത്തി. കഴിഞ്ഞ ഏഴാം തീയതിക്കുശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. അമേരിക്കന്‍ ഡോളറിനെതിരേ 84.40 എന്നനിലയില്‍ ഇന്ത്യന്‍ രൂപയുടെ വിനിമയമൂല്യം ഇടിഞ്ഞതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിചെയ്യുന്ന പ്രവാസികള്‍ക്ക് കോളടിച്ചിരിക്കുകയാണ്. ഈ വിനിമയനിരക്ക് പ്രയോജനപ്പെടുത്തി പ്രവാസികള്‍ നാട്ടിലേക്ക് പണമയച്ചതോടെ ഇന്ത്യയിലേക്ക് കോടികളാണെത്തിയത്.
യുഎഇ ദിര്‍ഹം കൂടാതെ മറ്റ് ഗള്‍ഫ് കറന്‍സികള്‍ക്കെതിരെയും രൂപയുടെ മൂല്യത്തില്‍ ഇടിവ് വന്നിട്ടുണ്ട്. സൗദി റിയാല്‍ 22.45 രൂപ, ഖത്തര്‍ റിയാല്‍ 23.10 രൂപ, ഒമാന്‍ റിയാല്‍ 218.89 രൂപ, ബഹ്‌റൈന്‍ ദിനാര്‍ 223.55 രൂപ, കുവൈത്ത് ദിനാര്‍ 273.79 രൂപ എന്നിങ്ങനെയാണ് മറ്റ് ഗള്‍ഫ് രാജ്യങ്ങളിലെ കറന്‍സികളുടെ വിനിമയനിരക്ക്. ഇതില്‍ 10 മുതല്‍ 25 പൈസ വരെ കുറച്ചാണ് പല ധനവിനിമയ സ്ഥാപനങ്ങളും നല്‍കുന്നത്.