മുംബൈ ബോട്ടപകടം: മലയാളി കുടുംബത്തെ കണ്ടെത്തി

Dec 19, 2024

മുംബൈ: മുംബൈ ബോട്ടപകടത്തില്‍ കാണാതായെന്ന് സംശയിച്ച മലയാളി കുടുംബത്തെ കണ്ടെത്തി. പരിക്കേറ്റ് ചികിത്സയിലായിരുന്ന ആറു വയസ്സുകാരന്‍ ഏബിള്‍ മാത്യുവാണ് ഒപ്പമുണ്ടായിരുന്ന മാതാപിതാക്കളെ കാണാനില്ലെന്ന് അറിയിച്ചത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്തുന്നത്.

പത്തനംതിട്ട സ്വദേശിയായ മാത്യു ജോര്‍ജ്, ഭാര്യ നിഷ മാത്യു ജോര്‍ജ് എന്നിവരെയാണ് കണ്ടെത്തിയത്. തുടര്‍ന്ന് കുട്ടിയെ മഹാരാഷ്ട്രയിലുള്ള ബന്ധുക്കള്‍ക്കൊപ്പം വിടുകയും ചെയ്തു. ഉറാന്‍ പൊലീസാണ് മാതാപിതാക്കള്‍ സുരക്ഷിതരാണെന്ന് ഉറപ്പു വരുത്തി, കുട്ടിയെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചത്. മാതാപിതാക്കള്‍ മറ്റൊരു ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുമായി പൊലീസ് വീഡിയോ കോളിലൂടെ കുട്ടിയെ കാണിച്ചു. ഇതിനുശേഷമാണ് ബന്ധുക്കളുടെ കൂടെ കുട്ടിയെ വിട്ടയച്ചത്. ജെഎന്‍പിടി ആശുപത്രിയിലായിരുന്നു കുട്ടിയെ പ്രവേശിപ്പിച്ചിരുന്നത്. പത്തനംതിട്ട സ്വദേശികളായ ഇവര്‍ വിനോദസഞ്ചാരത്തിനാണ് മുംബൈയിലെത്തിയത്.

വിനോദസഞ്ചാര കേന്ദ്രമായ എലിഫന്റ് കേവ് ദ്വീപിലേക്ക് പോയ നീല്‍കമല്‍ എന്ന ബോട്ടിലേക്ക് നേവിയുടെ സ്പീഡ് ബോട്ട് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ യാത്രാബോട്ട് തലകീഴായി മറിയുകയും, പൂര്‍ണമായി മുങ്ങുകയുമായിരുന്നു. അപകടത്തില്‍ 13 പേർ മരിച്ചു.

LATEST NEWS