തിരുവനന്തപുരത്ത് എത്തുന്ന സ്ത്രീകൾക്ക് കുറഞ്ഞ ചെലവിൽ സുരക്ഷിതമായി താമസിക്കാനും ജോലി ചെയ്യാനുമായി നഗരസഭ നിര്‍മിച്ച ഷീ സ്പേസും ഷീ ഹബും ഉദ്ഘാടനം ചെയ്തു

Dec 20, 2024

തിരുവനന്തപുരം: തിരുവനന്തപുരത്ത് എത്തുന്ന സ്ത്രീകൾക്ക് കുറഞ്ഞ ചെലവിൽ സുരക്ഷിതമായി താമസിക്കാനും ജോലി ചെയ്യാനുമായി നഗരസഭ നിര്‍മിച്ച ഷീ സ്പേസും ഷീ ഹബും ഉദ്ഘാടനം ചെയ്തു. തമ്പാനൂരിലെ നഗരസഭ ഗോൾഡൻ ജൂബിലി ബിൽഡിംഗിലാണ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്. മേയര്‍ ആര്യ രാജേന്ദ്രന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മന്ത്രി എം ബി. രാജേഷ്‌ ഷീ ഹബും ഷീ സ്പേസും തുറന്നകൊടുത്തു.

നഗരത്തിലെത്തുന്ന സ്ത്രീകൾക്ക് സുരക്ഷിതമായി വൃത്തിയുള്ള താമസസ്ഥലമൊരുക്കുക എന്ന ആശയമാണ് ഷീ സ്പെയിസിനു പിന്നിലെന്ന് മന്ത്രി പറഞ്ഞു. ഷീ ഹബ് സ്ത്രീ സംരംഭകർക്കുള്ള, സ്റ്റാർട്ടപ്പുകൾക്കുള്ള തൊഴിലിടമാണ്. രണ്ടും ഒരു പുതിയ തലത്തിലേക്ക് കോർപറേഷന്റെ പ്രവർത്തനങ്ങളെ ഉയർത്തുകയാണെന്ന് മേയര്‍ ആര്യ രാജേന്ദ്രൻ പറഞ്ഞു. എ.സി, നോൺ എ.സി റൂമുകൾ, ഡോർമെറ്ററികൾ എന്നിവ ഷീ സ്പെയിസിൽ ഒരുക്കിയിട്ടുണ്ട്. ആധുനിക രീതിയിൽ ഫർണിഷ് ചെയ്ത് കമ്പ്യൂട്ടർ, വൈഫൈ ഉൾപ്പെടെ ക്രമീകരിച്ചതാണ് ഷീ ഹബ്.ഷീ സ്പെയിസ് ഓൺലൈൻ ബുക്കിങ്ങിനുള്ള സംവിധാനവും ഇവിടെയുണ്ട്.

നഗരത്തിലെ വനിതാ സംരംഭകർക്ക് തൊഴിലിടമായി ഉപയോഗിക്കുവാൻ കഴിയുന്ന തരത്തിലാണ് ഷീ ഹബ് ഒരുക്കിയിരിക്കുന്നത്. ആധുനിക രീതിയിൽ ഫർണിഷ് ചെയ്ത ശീതീകരിച്ച കോൺഫറൻസ് ഹാളും, കമ്പ്യൂട്ടർ, വൈഫൈ തുടങ്ങിയ എല്ലാ സൗകര്യങ്ങളോടെ വനിതകൾക്ക് മാത്രമായി ഒരു വർക്കിംഗ് സ്പെയ്‌സും സജ്ജീകരിച്ചിരിക്കുന്നു. നഗരത്തിലെത്തുന്ന വനിതകൾക്ക് ഈ പുതിയ സംവിധാനങ്ങൾ സ്വതന്ത്രവും സുരക്ഷിതവുമായി ഉപയോഗിക്കുവാൻ കഴിയുന്ന തരത്തിലാണ് ഒരുക്കിയിട്ടുള്ളതെന്നും മേയര്‍ ഫേസ്ബുക്കിൽ കുറിച്ചു.

സ്ത്രീകളുടെ സർവ്വതോന്മുഖമായ ഉന്നമനം ലക്ഷ്യമാക്കിയുള്ള നഗരസഭയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി മുന്നേറുകയാണ്. ഒരു വനിത സൗഹൃദ നഗരമെന്ന നിലയിൽ നിരവധി പദ്ധതികളാണ് ഈ മേഖലയിൽ നമ്മൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുന്നത്. നഗരസഭയുടെ ഗോൾഡൻ ജൂബിലി ബിൽഡിംഗിൽ രണ്ട് പദ്ധതികളാണ് ഇപ്പോൾ ആരംഭിച്ചത്. ഷീ സ്പെസിൽ എ.സി, നോൺ എ.സി റൂമുകളും ഡോർമെറ്ററികളും ഉൾപ്പെടെ 20 കിടക്കകളോടെയുള്ള താത്കാലിക താമസസൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇവിടെ മുറികൾ ബുക്ക് ചെയ്യുന്നതിന് മാർ ബസേലിയോസ് എഞ്ചിനീയറിംഗ് കോളേജിലെ മൂന്നാം വർഷ വിദ്യാർഥികളായ റിസ്വാൻ ഷാജഹാൻ, അനസ് മുഹമ്മദ്, അദ്വൈത് എസ് ജിത്ത് എന്നിവർ സൗജന്യമായി തയ്യാറാക്കി നൽകിയ സോഫ്റ്റ്‌വെയറാണ് ഉപയോഗിക്കുന്നതെന്നും മേയര്‍ വ്യക്തമാക്കി.

ഷീ ഹബ്

ഒരേസമയം 26 പേർക്ക് വരെ ഷീ ഹബ് സൗകര്യം ഉപയോഗിക്കാം. കഫറ്റേരിയ, സൂം മീറ്റിംഗിനുള്ള സംവിധാനവും അടക്കമുള്ള മിനി കോൺഫറൻസ് ഹാളും ഇവിടെയുണ്ട്. മണിക്കൂറിന് 50 രൂപ മുതലാണ് ഈടാക്കുന്നത്.

ഷീ സ്പേസ്

എസി, നോൺ എസി റൂമുകൾ, ഡോമറ്ററികൾ ഉൾപ്പെടെ 20 ബെഡാളാണ് ഷീ സ്പേസിൽ ഉള്ളത്. കംപ്യൂട്ടര്‍, വൈഫൈ സൗകര്യമടക്കം ഉവിടെയുണ്ട്. ദിവസം 100 രൂപയാണ് നിരക്ക്.

LATEST NEWS
കോൺഗ്രസ് പെരുങ്ങുഴി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനവും, പുഷ്പാർച്ചനയും സംഘടിപ്പിച്ചു

കോൺഗ്രസ് പെരുങ്ങുഴി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനവും, പുഷ്പാർച്ചനയും സംഘടിപ്പിച്ചു

മുൻ മുഖ്യമന്ത്രിയും, കോൺഗ്രസ് അഖിലേന്ത്യാ വർക്കിങ്ങ് കമ്മിറ്റിയംഗവുമായിരുന്ന കെ. കരുണാകരൻ്റെ...