പത്തനംതിട്ട: ശബരിമലയില്‍ തീര്‍ഥാടകരുടെ വലിയ തിരക്ക് കണക്കിലെടുത്ത് മണ്ഡല പൂജയുടെ പ്രധാന ദിവസങ്ങളായ 25നും 26നും വെര്‍ച്വല്‍ ക്യൂവിന്റെ എണ്ണം കുറച്ചു. ഈ ദിവസങ്ങളില്‍ സ്‌പോട് ബുക്കിങും ഒഴിവാക്കിയേക്കും.തങ്ക അങ്കി ഘോഷയാത്ര സന്നിധാനത്ത് എത്തി ദീപാരാധന നടക്കുന്ന 25ന് വെര്‍ച്വല്‍ ക്യൂ 54,444 പേര്‍ക്കു മാത്രമായാണ് കുറച്ചത്. മണ്ഡല പൂജ നടക്കുന്ന 26ന് 60,000 പേര്‍ക്കാണ് ദര്‍ശനത്തിന് അവസരം ഉള്ളത്.
സാധാരണ ദിവസങ്ങളില്‍ വെര്‍ച്വല്‍ ക്യൂ 70,000 ആയിരുന്നു. 25നും 26നും സ്‌പോട് ബുക്കിങ് നടത്തി ദര്‍ശനത്തിന് കടത്തിവിടില്ല. 26ന് ഉച്ചയ്ക്ക് 12നും 12.30യ്ക്കും മധ്യേയാണ് മണ്ഡലപൂജ. രണ്ടു ദിവസമായി 20,000 ത്തിനു മുകളിലാണ് സ്‌പോട് ബുക്കിങ്. ജനുവരി 12ന് 60,000ഉം 13ന് 50,000ഉം 14ന് 40,000ഉം പേര്‍ക്ക് മാത്രമായിരിക്കും ദര്‍ശനം. സന്നിധാനത്ത് ഈ സീസണില്‍ ഏറ്റവും കൂടുതല്‍ ഭക്തരെത്തിയത് ഇന്നലെയാണ്. 96,007 പേരാണ് ഇന്നലെ ദര്‍ശനം നടത്തിയത്. ഈ സീസണിലാകെ വന്‍ തിരക്കാണ് ശബരിമലയില്‍ അനുഭവപ്പെട്ടത്. ഇത് പരിഗണിച്ച് മണ്ഡല പൂജയ്ക്കും മകര വിളക്കിനും കൂടുതല്‍ ഭക്തരെത്താനുള്ള സാധ്യത മുന്നില്‍ കണ്ടുമാണ് നിയന്ത്രണം.