കോഴിക്കോട്: എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായരുടെ ആരോഗ്യ നില ഗുരുതരാവസ്ഥയില്‍ തുടരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച എംടിക്ക് ഹൃദയസ്തംഭനം ഉണ്ടായതായി ഇന്നലെ മെഡിക്കല്‍ ബുള്ളറ്റിനില്‍ അധികൃതര്‍ അറിയിക്കുകയായിരുന്നു. ഇന്ന് രാവിലെ 11 മണിക്ക് പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്ത് വിടുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ഐസിയുവില്‍ ചികിത്സയില്‍ കഴിയുന്ന എംടിയുടെ ഓക്സിജന്‍ ലെവല്‍ താഴെയാണെന്നായിരുന്നു ഇന്നലെ ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നത്. ഓക്സിജന്‍ സപ്പോര്‍ട്ടിലാണ് എംടി ചികിത്സയില്‍ കഴിയുന്നതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. എംടിയെ വിദഗ്ധ സംഘം നിരീക്ഷിച്ച് വരികയാണ്. എല്ലാവിധ ചികിത്സയും ഉറപ്പാക്കിയിട്ടുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഈ മാസം 15നാണ് ശ്വാസതടസ്സത്തെ തുടര്‍ന്ന് എംടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ കുറെ നാളുകളായി വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അദ്ദേഹം വിശ്രമത്തിലാണ്. ഒരുമാസം മുന്‍പ് ശ്വാസതടസ്സവും ന്യൂമോണിയയും മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ദിവസങ്ങള്‍ നീണ്ട ചികിത്സയെ തുടര്‍ന്ന് ന്യൂമോണിയ മാറി ആശുപത്രി വിട്ട എംടി വീട്ടില്‍ വിശ്രമജീവിതം നയിച്ച് വരികയായിരുന്നു. അതിനിടെയാണ് വീണ്ടും ശ്വാസംതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.