ചിറയിന്‍കീഴ്: കടയ്ക്കാവൂര്‍ സ്വദേശിയായ വിഷ്ണു (26), ചിറയിന്‍കീഴ് ആനത്തലവട്ടം ചൂണ്ടക്കടവില്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ മുഖ്യപ്രതി ഓട്ടോ ജയന്‍ പിടിയിലായി. കൊലപാതകത്തിനു ശേഷം ഒളിവിൽ പോയ ഇയാൾ ഒരു മാസത്തിനുശേഷമാണ് പിടിയിലാകുന്നത്. തമിഴ്‌നാട്ടിലെ ദിണ്ടിഗലിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ അതി വിദഗ്ധമായാണ് പോലീസ് കുടുക്കിയത്.
മൊബൈൽ ഫോൺ ഉപയോഗിക്കാതെ കഴിഞ്ഞിരുന്ന ജയനെ കണ്ടെത്തുക ദുഷ്കരമായിരുന്നു. സിസിടീവീ കേന്ദ്രീകരിച്ചും നിരവധി പേരെ ചോദ്യം ചെയ്തുമാണ് പോലീസ് പ്രതിയിലേക്ക് എത്തിയത്. റൂറല്‍ എസ്.പിയുടെ ഷാഡോ സംഘവും ആറ്റിങ്ങല്‍ ഡി.വൈ.എസ്.പിയുടെ അന്വേഷണ സംഘവും പല ടീമുകളാണ് തിരിഞ്ഞാണ് പ്രതിയ്ക്കായി തിരച്ചില്‍ നടത്തിയത്.
ജയന്റെ ഒരു അകന്ന ബന്ധുവിൽ നിന്നും ലഭിച്ച വിവരമാണ് ജയനെ പിടികൂടാൻ പോലീസിന് തുമ്പായത്. കഴിഞ്ഞ നാല് ദിവസമായി പോലീസ് പ്രതിക്കായി തിരച്ചിൽ നടത്തി ആസൂത്രിതമായി പിടിക്കുകയായിരുന്നു. പ്രതിയെ ഞായറാഴ്ച രാത്രിയോടെ കേരളത്തിൽ എത്തിക്കും. തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും. ജയന്റെ കൂട്ടാളിയായ മാമം സ്വദേശിയെ അന്നേദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ചൂണ്ടയിട്ട് പിടിച്ച മീനിന്റെ വിലയെ സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. വിദേശത്തുനിന്നും നാട്ടിലെത്തിയ വിഷ്ണു സുഹൃത്തുക്കളുമൊത്താണ് ആനത്തലവട്ടത്തിന് സമീപം വാമനപുരം ആറിന്റെ തീരമായ ചൂണ്ടക്കടവിലെത്തിയത്.