ആരിഫ് മുഹമ്മദ് ഖാന്‍ ബിഹാര്‍ ഗവര്‍ണറായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

Jan 2, 2025

പട്‌ന: ബിഹാര്‍ ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും. പട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് മലയാളിയായ കെ വിനോദ് ചന്ദ്രന്‍ പുതിയ ഗവര്‍ണര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. കേരള ഗവര്‍ണര്‍ സ്ഥാനത്തു നിന്നാണ് ആരിഫ് മുഹമ്മദ് ഖാനെ ബിഹാറിലേക്ക് മാറ്റിയത്.

26 വര്‍ഷത്തിനു ശേഷം ബിഹാറില്‍ ഗവര്‍ണറാകുന്ന മുസ്ലിം സമുദായത്തില്‍പ്പെട്ടയാളാണ് ആരിഫ് മുഹമ്മദ് ഖാന്‍. തിങ്കളാഴ്ചയാണ് പട്‌നയിലെത്തിയ ആരിഫ് മുഹമ്മദ് ഖാനെ ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരി, സ്പീക്കര്‍ നന്ദ കിഷോര്‍ യാദവ് തുടങ്ങിയവര്‍ സ്വീകരിച്ചു. ഇതിനു പിന്നാലെ മുഖ്യമന്ത്രി നിതീഷ് കുമാർ നിയുക്ത ​ഗവർണറെ സന്ദർശിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം ആരിഫ് മുഹമ്മദ് ഖാൻ മുൻ മുഖ്യമന്ത്രിമാരായ ലാലു പ്രസാദ് യാദവ്, റാബ്രി ദേവി എന്നിവരെ വസതിയിലെത്തി സന്ദർശിച്ചു. പുതുവത്സരാശംസ നേരാനാണ് ലാലുവിന്റെ വീട്ടിലെത്തിയതെന്ന് ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി. ആരിഫ് മുഹമ്മദ് ഖാനുമായി പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് ചർച്ച നടത്തിയിരുന്നു. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജന്മനാട്ടിലെത്തി, നിതീഷിന്റെ അമ്മയുടെ ചരമവാർഷിക ചടങ്ങുകളിലും ആരിഫ് മുഹമ്മദ് ഖാൻ പങ്കെടുത്തിരുന്നു.

LATEST NEWS