ശബരിമലയില്‍ സര്‍ക്കാര്‍ വൈദ്യസഹായം നല്‍കിയത് 2.89 ലക്ഷം പേര്‍ക്ക്

Jan 12, 2025

പത്തനംതിട്ട: ശബരിമലയില്‍ മണ്ഡലമകരവിളക്ക് തീര്‍ഥാടന കാലത്ത് സര്‍ക്കാരിന്റെ ആരോഗ്യസൗകര്യങ്ങള്‍ വഴി ഇതുവരെ വൈദ്യസഹായം നല്‍കിയത് 2.89 ലക്ഷത്തിലേറെ പേര്‍ക്ക്. ജനുവരി 10 വരെയുള്ള കണക്കനുസരിച്ച് 2,16,969 രോഗികള്‍ ആശുപത്രികളിലും 72,654 രോഗികള്‍ അടിയന്തര വൈദ്യസഹായ കേന്ദ്രങ്ങളിലുമായി ചികിത്സ തേടി. 649 എമര്‍ജന്‍സി കേസുകള്‍ക്ക് അടിയന്തര വൈദ്യസഹായകേന്ദ്രങ്ങളില്‍ സേവനം നല്‍കി. 168 പേര്‍ക്ക് ഹൃദയാഘാതം റിപ്പോര്‍ട്ട് ചെയ്തതില്‍ 115 രോഗികളെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാനായി. ജന്നി വന്ന 103 പേര്‍ക്ക് സേവനം നല്‍കിയതില്‍ 101 പേരെയും രക്ഷപെടുത്താന്‍ സാധിച്ചു.

മകരവിളക്കിനോടനുബന്ധിച്ചും വിപുലമായ ക്രമീകരണങ്ങളാണ് ആരോഗ്യവകുപ്പ് ഒരുക്കിയിരിക്കുന്നത്. ജനുവരി ഒന്നു മുതല്‍ 14 വരെ കരിമല ഗവ: ഡിസ്‌പെന്‍സറി തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. മകരവിളക്ക് കാലയളവില്‍ അടിയന്തരഘട്ടങ്ങള്‍ നേരിടാനായി മെഡിക്കല്‍ ഓഫീസര്‍മാരുടെയും പാരാമെഡിക്കല്‍ ജീവനക്കാരുടെയും റിസര്‍വ് ലിസ്റ്റ് തയാറാക്കിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് നോഡല്‍ ഓഫീസര്‍ ഡോ. ശ്യാംകുമാര്‍ കെ കെ അറിയിച്ചു.

മകരവിളക്ക് പ്രമാണിച്ച് ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ജനുവരി 13 മുതല്‍ പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസില്‍ 72 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. 0468 2222642, 0468 2228220 എന്നിവയാണ് ജില്ലാ മെഡിക്കല്‍ ഓഫീസിലെ കണ്‍ട്രോള്‍ റൂം നമ്പറുകള്‍. മകരവിളക്ക് കാലയളവിലേക്കാവശ്യമായ മരുന്നുകള്‍, ബ്ലീച്ചിങ് പൗഡര്‍ ഉള്‍പ്പടെയുള്ളവ പമ്പയില്‍ എത്തിച്ചിട്ടുണ്ട്. ആംബുലന്‍സ് ഉള്‍പ്പടെയുള്ള മെഡിക്കല്‍ ടീമിന്റെ സേവനം ഹില്‍ ടോപ്, ഹില്‍ ഡൌണ്‍, ത്രിവേണി പെട്രോള്‍ പമ്പ്, ത്രിവേണി പാലം, കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ്, ചക്കുപാലം, ചാലക്കയം, അട്ടത്തോട്, നെല്ലിമല, പഞ്ഞിപ്പാറ, ഇലവുങ്കല്‍, ആങ്ങമൂഴി എന്നിവിടങ്ങളില്‍ ലഭ്യമാക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

LATEST NEWS