ഒഴുകിപ്പോയത് 4.5 ലക്ഷം കോടി രൂപ; കൂപ്പുകുത്തി ഓഹരി വിപണി

Jan 21, 2025

മുംബൈ: ഓഹരി വിപണിയിയില്‍ കനത്ത ഇടിവ്. വ്യാപാരത്തിനിടെ ബിഎസ്ഇ സെന്‍സെക്‌സ് ആയിരം പോയിന്റ് ഇടിഞ്ഞു. നിഫ്റ്റി 23,200 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയാണ്. ബാങ്കിങ്, മെറ്റല്‍ ഓഹരികള്‍ അടക്കം എല്ലാം സെക്ടറുകലും നഷ്ടത്തിലാണ്.

ഇന്നലെ നേട്ടത്തില്‍ വ്യാപാരം അവസാനിച്ച ഓഹരി വിപണിയില്‍ ഇന്ന് ഉണ്ടായ കനത്ത ഇടിവില്‍ നിക്ഷേപകരുടെ 4.5 ലക്ഷം കോടി രൂപയാണ് ഒഴുകിപ്പോയത്. അമേരിക്കന്‍ പ്രസിഡന്റ് ആയി സ്ഥാനമേറ്റ ഡൊണള്‍ഡ് ട്രംപ് വരുംദിവസങ്ങളില്‍ സ്വീകരിക്കാന്‍ പോകുന്ന സാമ്പത്തിക നയങ്ങളിലുള്ള ആശങ്കയാണ് വിപണിയില്‍ പ്രതിഫലിച്ചത്. ട്രംപ് അധികാരമേറ്റതിന് പിന്നാലെ അമേരിക്കന്‍ വിപണി ഇന്നലെ നേട്ടത്തിലാണ് വ്യാപാരം അവസാനിച്ചത്. എന്നാല്‍ ഇന്ന് ഏഷ്യന്‍ വിപണിയില്‍ നിക്ഷേപകര്‍ കരുതലോടെയാണ് ഇടപെടുന്നത്.

മെക്‌സിക്കോ, കാനഡ എന്നി രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനം താരിഫ് ഏര്‍പ്പെടുത്തുമെന്ന ട്രംപിന്റെ പ്രഖ്യാപനമാണ് ഏഷ്യന്‍ വിപണിയെ ഉലച്ചത്. താരിഫ് ഏര്‍പ്പെടുത്തുന്ന തീരുമാനം വൈകുമെന്നായിരുന്നു ഇതുവരെ വിപണി കരുതിയിരുന്നത്. എന്നാല്‍ താരിഫ് ഏര്‍പ്പെടുത്തുന്ന നടപടികളുമായി അതിവേഗം മുന്നോട്ടുപോകുമെന്ന സൂചനയാണ് ഇന്നലെ ട്രംപ് നല്‍കിയത്. കോള്‍ ഇന്ത്യ, എച്ച്ഡിഎഫ്‌സി ബാങ്ക്, ഭാരതി എയര്‍ടെല്‍, റിലയന്‍സ്, ഐസിഐസിഐ ബാങ്ക് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്.

LATEST NEWS