ഏറ്റുമാനൂരില്‍ തട്ടുകടയിലുണ്ടായ തര്‍ക്കം; പൊലീസുകാരന്‍ കൊല്ലപ്പെട്ടു

Feb 3, 2025

കോട്ടയം: ഏറ്റുമാനൂരില്‍ ബാറിന് മുന്നിലെ തട്ടുകടയില്‍ ഉണ്ടായ തര്‍ക്കത്തില്‍ പൊലീസുകാരന്‍ കൊല്ലപ്പെട്ടു. കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ ഡ്രൈവര്‍ ശ്യാം പ്രസാദ് ആണ് മരിച്ചത്. സംഭവത്തില്‍ പെരുമ്പായിക്കാട് സ്വദേശി ജിബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജിബിന്‍ നിരവധി കേസുകളില്‍ പ്രതിയാണ്.

ഇന്ന് പുലര്‍ച്ചെ രണ്ടുമണിക്കാണ് സംഭവം. തട്ടുകടയില്‍ ജിബിന്‍ വഴക്ക് ഉണ്ടാക്കുന്നത് കണ്ട് ശ്യാം പ്രസാദ് ചോദ്യം ചെയ്യുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ഉണ്ടായ സംഘര്‍ഷത്തിലാണ് ശ്യാം പ്രസാദ് മരിച്ചത്.

ശ്യാം പ്രസാദ് ഡ്യൂട്ടിയില്‍ ആയിരുന്നില്ല. സംഘര്‍ഷത്തില്‍ ഗുരുതരമായി പരിക്കേറ്റ ശ്യാം പ്രസാദിനെ മറ്റൊരു പൊലീസ് ഉദ്യോഗസ്ഥന്‍ ആണ് ആശുപത്രിയില്‍ എത്തിച്ചത്. അതിനിടെ വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഏറ്റുമാനൂര്‍ പൊലീസ് ജിബിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ചികിത്സയിലിരിക്കെ ഇന്ന് രാവിലെ അഞ്ചുമണിയോടെയാണ് മരണം സംഭവിച്ചത്. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്ന സംശയത്തില്‍ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.

LATEST NEWS