മുംബൈ: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ തകര്‍പ്പന്‍ ജയം നേടി ഇന്ത്യ. ഇന്ത്യ ഉയര്‍ത്തിയ 248 റണ്‍സ് എന്ന കൂറ്റന്‍ വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 10.3 ഓവറില്‍ 97 റണ്‍സിന് പുറത്തായി. ഇന്ത്യയ്ക്ക് 150 റണ്‍സിന്റെ വമ്പന്‍ വിജയം. വാങ്കഡെ സ്റ്റേഡിയത്തിലെ ബാറ്റിങ് പിച്ചില്‍ ഇന്ത്യയെ മാതൃകയാക്കി തകര്‍ത്തടിക്കാനിറങ്ങിയ ഇംഗ്ലണ്ട് തകര്‍ന്നടിയുന്നതാണ് പിന്നീട് കണ്ടത്. നേരത്തേ സ്വന്തമാക്കിയ പരമ്പര ഇന്ത്യ 4-1 എന്ന നിലയില്‍ അവസാനിപ്പിച്ചു. 23 പന്തില്‍ 55 റണ്‍സെടുത്ത ഓപ്പണര്‍ ഫില്‍ സോള്‍ട്ടാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. സോള്‍ട്ടിനു പുറമേ 10 റണ്‍സെടുത്ത ജേക്കബ് ബെതല്‍ മാത്രമാണ് ഇംഗ്ലിഷ് നിരയില്‍ രണ്ടക്കം കടന്നത്.
2.3 ഓവറുകള്‍ പന്തെറിഞ്ഞ മുഹമ്മദ് ഷമി 25 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി. വരുണ്‍ ചക്രവര്‍ത്തി, ശിവം ദുബെ, അഭിഷേക് ശര്‍മ എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി. അഭിഷേക് ശര്‍മയാണ് കളിയിലെ താരം. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 37 പന്തില്‍ സെഞ്ചറിയുമായി കത്തിക്കയറിയ അഭിഷേക് ശര്‍മയുടെ മികവില്‍ 20 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തിലാണ് 247 റണ്‍സ് എടുത്തത്.
54 പന്തുകള്‍ നേരിട്ട അഭിഷേക് 135 റണ്‍സെടുത്തു പുറത്തായി. ടി20ല്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ വേഗതയേറിയ രണ്ടാമത്തെ സെഞ്ചറിയാണ് മുംബൈയില്‍ അഭിഷേക് അടിച്ചെടുത്തത്. 35 പന്തുകളില്‍ സെഞ്ചറി തികച്ച രോഹിത് ശര്‍മയാണ് ഇക്കാര്യത്തില്‍ ഒന്നാമന്‍. ട്വന്റി20യില്‍ ഒരു ഇന്നിങ്‌സില്‍ കൂടുതല്‍ സിക്‌സുകള്‍ അടിച്ച ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് അഭിഷേകിന്റെ പേരിലായി. മുംബൈയില്‍ 13 സിക്‌സുകളാണ് അഭിഷേക് ശര്‍മ ബൗണ്ടറിക്ക് മുകളിലൂടെ പായിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കായി വെടിക്കെട്ട് പ്രകടനത്തിന് തുടക്കമിട്ടത് മലയാളി താരം സഞ്ജു സാംസണായിരുന്നു. ജോഫ്ര ആര്‍ച്ചറുടെ ആദ്യ പന്തു തന്നെ സഞ്ജു സിക്‌സര്‍ പറത്തി. ഈ ഓവറില്‍ 16 റണ്‍സാണു സഞ്ജു അടിച്ചുകൂട്ടിയത്. എന്നാല്‍ തൊട്ടുപിന്നാലെ സഞ്ജു പുറത്തായത് നിരാശയായി. ഇത്തവണയും ഷോര്‍ട്ട് ബോളിലാണു മലയാളി താരത്തിന്റെ പുറത്താകല്‍. മാര്‍ക് വുഡിന്റെ പന്ത് ഡീപ് സ്‌ക്വയര്‍ ലെഗിലേക്ക് പുള്‍ ചെയ്ത സഞ്ജുവിനെ ബൗണ്ടറിക്കു സമീപത്തു നില്‍ക്കുകയായിരുന്ന ആര്‍ച്ചര്‍ പിടിച്ചെടുത്തു. പിന്നാലെ അഭിഷേകിന്റെ വെടിക്കെട്ട് പ്രകടനം ആരംഭിക്കുകയായിരുന്നു. 13 പന്തില്‍ രണ്ട് സിക്‌സുകളും മൂന്നു ഫോറുകളും അടിച്ച ശിവം ദുബെ 30 റണ്‍സെടുത്തു. 18-ാം ഓവറില്‍ സ്പിന്നര്‍ ആദില്‍ റാഷിദിന്റെ പന്തില്‍ ജോഫ്ര ആര്‍ച്ചര്‍ ക്യാച്ചെടുത്താണ് അഭിഷേക് ശര്‍മ പുറത്താകുന്നത്.