ടീം ഇന്ത്യയുടെ പുതിയ വിജയ മന്ത്രം വിശദീകരിച്ച് ഗംഭീര്‍

Feb 3, 2025

മുംബൈ: ടി20യില്‍ കൂടുതല്‍ റിസ്‌കോടെ കളിച്ച് വലിയ നേട്ടം കൈവരിക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് മുഖ്യപരിശീലകന്‍ ഗൗതം ഗംഭീര്‍. കളി തോല്‍ക്കുമെന്ന് തങ്ങള്‍ ഭയക്കുന്നില്ലെന്നും കൃത്യമായ വഴിയിലൂടെ തന്നെയാണ് ടീം മുന്നോട്ടുപോകുന്നതെന്നും ഗംഭീര്‍ പറഞ്ഞു. ടി20യില്‍ എല്ലാ മത്സരത്തിലും 250- 260 റണ്‍സ് നേടുകയാണ് ടീമിന്‍റെ ബാറ്റിങ് നയം. ഇംഗ്ലണ്ടിനെ 4-1ന് തകര്‍ത്തതില്‍ ആ മനോഭാവം പ്രകടമായിരുന്നെന്നും മത്സരശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഗംഭീര്‍ പറഞ്ഞു.

പൂനെയില്‍ നടന്ന നാലാം ടി20യില്‍, വിക്കറ്റുകള്‍ വീണിട്ടും ഇംഗ്ലണ്ടിനെതിരെ തകര്‍പ്പനടി തുടര്‍ന്നു, ഒടുവില്‍ 9 വിക്കറ്റിന് 181 റണ്‍സ് നേടിയതിലൂടെ ഇന്ത്യ വിജയത്തിലെത്തി. അവസാന മത്സരത്തില്‍ മുംബൈയില്‍ ഇന്ത്യ 9 വിക്കറ്റിന് 247 റണ്‍സ് നേടി. ‘ഇത്തരത്തിലുള്ള ടി20 കളിക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. കളി തോല്‍ക്കുമെന്ന് ഞങ്ങള്‍ ഭയക്കുന്നില്ല. ചില മത്സരങ്ങളില്‍ 120 റണ്‍സിന് ഓള്‍ഔട്ടായേക്കാം. പക്ഷേ ഇപ്പോള്‍ ഞങ്ങള്‍ പോകുന്നത് കൃത്യമായ വഴിയിലൂടെ തന്നെയാണ്. ഇത്തരത്തില്‍ ഭയപ്പാടില്ലാത്ത മത്സരം കാഴ്ചവച്ച് മുമ്പോട്ട് പോകാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. അഭിഷേക് ശര്‍മയെ പോലെയുള്ള താരങ്ങള്‍ക്ക് ഞങ്ങള്‍ കൂടുതല്‍ പിന്തുണ നല്‍കും.’- ഗംഭീര്‍ പറഞ്ഞു.

‘നിലവില്‍ ടീമിലെ താരങ്ങളില്‍ ഭൂരിഭാഗം പേരും ഭയപ്പാടില്ലാത്ത ക്രിക്കറ്റ് എന്ന പ്രത്യയശാസ്ത്രം ഉള്‍ക്കൊണ്ടവരാണ്. 140- 150 കിലോമീറ്റര്‍ സ്പീഡില്‍ പന്തെറിയുന്ന ബോളര്‍മാര്‍ക്കെതിരെ ഇത്തരത്തിലുള്ള ആക്രമണം അഴിച്ചുവിട്ട് അഭിഷേക് സെഞ്ച്വറി സ്വന്തമാക്കി. ഞാന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും മികച്ച സെഞ്ച്വറികളില്‍ ഒന്നാണ് മത്സരത്തില്‍ പിറന്നത്. ഇപ്പോള്‍ ടീമില്‍ കളിക്കുന്ന താരങ്ങളൊക്കെയും പരസ്പരം ഒരുപാട് ക്രിക്കറ്റ് കളിച്ചിട്ടുള്ളതാണ്. അതാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഒരു പ്രത്യേകതയും.’- ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു. സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയുടെ പ്രകടനത്തെയും ഗംഭീര്‍ പ്രശംസിച്ചു. ‘ഐപിഎല്ലില്‍ നിന്ന് അന്താരാഷ്ട്ര ടി20 ക്രിക്കറ്റിലേക്കുള്ള അദ്ദേഹത്തിന്റെ പരിവര്‍ത്തനം അസാധാരണമാണെന്ന് ഞാന്‍ കരുതുന്നു. മികച്ച രീതിയിലായിരുന്നു പന്തെറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. പരമ്പരയില്‍ ഏറ്റവും അധികംവിക്കറ്റുകള്‍ നേടിയതും വരുണ്‍ ചക്രവര്‍ത്തിയായിരുന്നു.

‘മത്സരങ്ങള്‍ നമ്മുടെ പരിധിയിലേക്ക് വരാന്‍ തുടങ്ങുമ്പോള്‍ എല്ലാം നമുക്ക് അനുകൂലമായി മാറും. ബാറ്റിങില്‍ കൂടുതല്‍ റണ്‍സ് എടുക്കാനും നമ്മള്‍ ശ്രമിക്കണം. ആദ്യ 7 ബാറ്റര്‍മാരുടെയും പ്രകടനം നിര്‍ണായകമാണ്. മത്സരത്തില്‍ മുന്‍കൂട്ടി ബാറ്റിങ് ഓര്‍ഡര്‍ നിശ്ചയിച്ചിരുന്നില്ല. ഓപ്പണര്‍മാരുടെ സ്ഥാനം മാത്രമായിരുന്നു നിശ്ചയിച്ചിരുന്നത്. ഇത്തരത്തില്‍ ആക്രമണ ശൈലിയില്‍ തന്നെ കളിക്കാനാണ് ഞങ്ങള്‍ ചിന്തിച്ചിരുന്നത് ഗംഭീര്‍ പറഞ്ഞു. 140- 150 കോടി ഇന്ത്യക്കാരെ പ്രതിനിധീകരിക്കുമ്പോള്‍ എന്താണ് വേണ്ടത് എന്ന് നമ്മുടെ കളിക്കാര്‍ക്കറിയാമെന്നും അദ്ദേഹം പറഞ്ഞു.

LATEST NEWS