തിരുവനന്തപുരം: തൈക്കാട് ഗവണ്‍മെന്റ് മോഡല്‍ എച്ച്എസ്എല്‍പി സ്‌കൂളിലെ തോട്ടത്തില്‍ നിന്ന് പച്ചക്കറി മോഷണം പോയതായുള്ള കുഞ്ഞുങ്ങളുടെ പരാതി ശ്രദ്ധയില്‍പ്പെട്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വിഷയത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
വിദ്യാഭ്യാസ വകുപ്പ് അധികൃതരോടും കാര്യങ്ങള്‍ അന്വേഷിച്ചറിയാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ എന്റെ പ്രിയപ്പെട്ട കുഞ്ഞുങ്ങള്‍ വിഷമിക്കേണ്ട എന്നാണ് എനിക്ക് പറയാനുള്ളത്. നിങ്ങളോടൊപ്പം ഞാനുമുണ്ടെന്നും മന്ത്രി അറിയിച്ചു. കുട്ടികള്‍ അയച്ച കത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് നടപടിയെടുത്തതായി മന്ത്രി അറിയിച്ചത്.
കുട്ടികള്‍ രാവിലെയും വൈകിട്ടും നനച്ച് വളര്‍ത്തിയെടുത്ത 30 കോളിഫ്‌ളവറുകളാണ് ആരോ കവര്‍ന്നത്. ഇന്നലെ വിളവെടുക്കാനിരിക്കെയാണ് മോഷണം നടന്നത്. കൊവിഡിനു ശേഷമാണ് സ്‌കൂളില്‍ ഒരു പച്ചക്കറിത്തോട്ടമുണ്ടായത്. ബീറ്റ് റൂട്ട്, വഴുതന, വെണ്ട, തക്കാളി, കോളിഫ്‌ളവര്‍, പച്ചമുളക്, ചീര എന്നിവയെല്ലാം കുട്ടികള്‍ കൃഷി ചെയ്യുന്നുണ്ട്. രാവിലെയും വൈകിട്ടും കുട്ടികള്‍ തന്നെയാണ് പച്ചകറികള്‍ നനയ്ക്കാറുള്ളത്.