ഇടയ്‌ക്കോട് പൂവത്തറ തെക്കത് ദേവീക്ഷേത്രത്തിലെ മകയിര മഹോത്സവത്തോടനുബന്ധിച്ച് വനിതകൾക്കായി പെണ്ണങ്കം എന്ന പേരിൽ അഖിലകേരള കൈകൊട്ടിക്കളി മത്സരം ഇന്ന് സംഘടിപ്പിക്കുന്നു. വനിതാ കമ്മിറ്റിയുടെ പ്രവർത്തന മികവിലൂടെ ശ്രദ്ധേയമായ ഈ ക്ഷേത്രം, വനിതാ ശാക്തീകരണ സന്ദേശം ഉയർത്തിപ്പിടിച്ചാണ് വനിതകളുടെ കൈകൊട്ടിക്കളി മത്സരം സംഘടിപ്പിക്കുന്നത്. അപേക്ഷകരിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പതിനൊന്ന് ടീമുകളാണ് മത്സരത്തിൽ മാറ്റുരയ്ക്കുന്നത്. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് പതിനായിരം രൂപ, അയ്യായിരം രൂപ, മൂവായിരം രൂപ എന്ന ക്രമത്തിൽ കാഷ് അവാർഡും ട്രോഫിയും സമ്മാനിക്കും.
ക്ഷേത്ര മൈതാനത്ത് വർണ്ണാഭമായി തയ്യാറാക്കിയ പെണ്ണങ്കപ്പന്തലിലാണ് മത്സരം അരങ്ങേറുന്നത്. പെൺ പോരാട്ടത്തിന്റെ ആവേശം നാടാകെ നിറഞ്ഞ് നിൽക്കുന്നതാണ് ഇത്തവണത്തെ പൂവത്തറ തെക്കതിലുത്സവം.
വ്യത്യസ്തതകൾ കൊണ്ട് ശ്രദ്ധേയമാകുന്നതാണ് എന്നും പൂവത്തറ തെക്കതിലെ ഉത്സവങ്ങൾ. പ്രളയകാലത്ത് ഒരു ലക്ഷം രൂപ സംഭാവന നൽകിയതും, കോവിഡാരംഭത്തിൽ മാസ്ക് തുന്നി നൽകിയും, അന്യം നിന്ന് പോകാവുന്ന നാട്ട് തൊഴിലുകളെ ആദരിച്ചും, ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിച്ചു നൽകിയും ഓരോ കൊല്ലവും വേറിട്ട ഉത്സവങ്ങളാണ് ഇവിടെ സംഘടിപ്പിച്ച് വരുന്നത്. 2025 ഫെബ്രുവരി 4ന് ആരംഭിച്ച് 6 ന് ഉത്സവം സമാപിക്കും.