തിരുവനന്തപുരത്ത് ടോറസ് ലോറി കടയിലേക്ക് ഇടിച്ചുകയറി അഞ്ചു പേര്‍ക്ക് പരിക്ക്. മൂന്നു പേരുടെ നില ഗുരുതരം. സുഭാഷ്, റോയി, അനില്‍, റഹ്മത്ത്, അമ്പിളി എന്നിവര്‍ക്കാണ് പരിക്കേറ്റത്. മൂന്നു പേര്‍ക്ക് കാലിനും കൈക്കുമാണ് പരിക്കേറ്റത്. റഹ്മത്തിന്റെ കാലില്‍കൂടി ലോറി കയറി ഇറങ്ങുകയായിരുന്നു. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാവിലെ ഏഴരയോടെ കല്ലറ-കാരേറ്റ് റോഡിലാണ് അപകടമുണ്ടായത്. അമിത വേഗതയില്‍ വന്ന ടോറസ് ലോറി എതിരെ വന്ന കെ.എസ്.ആര്‍.ടി.സിയില്‍ ഇടിക്കാതിരിക്കാന്‍ ഇടതു വശത്തെ റോഡിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു. എന്നാല്‍ സമീപത്തെ കടയില്‍ ചായ കുടിച്ചു കൊണ്ടിരിക്കുന്നവര്‍ക്കിടയിലേക്കാണ് ലോറി ഇടിച്ചു കയറിയത്. അതേസമയം, ലോറിക്ക് മുമ്പില്‍പ്പെട്ട സ്‌കൂട്ടര്‍ യാത്രികന്‍ തലനാരിഴക്കാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ലോറി വരുന്നത് കണ്ട സ്‌കൂട്ടര്‍ യാത്രക്കാരന്‍ ചാടി രക്ഷപ്പെടുകയായിരുന്നു.
















