തിരുവനന്തപുരം: നിത്യവൃത്തിക്കു പോലും നിവൃത്തിയില്ലാതെ ഗതികെട്ട് സമരമുഖത്തെത്തിയിരിക്കുന്ന ആശാ വര്‍ക്കര്‍മാരുടെ ന്യായമായ ആവശ്യങ്ങളോട് മുഖം തിരിഞ്ഞു നില്‍ക്കുന്ന ഇടതു സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം ഐ ഇര്‍ഷാന.
ചുട്ടുപൊള്ളുന്ന വേനലെന്നോ കോരിച്ചൊരിയുന്ന മഴയെന്നോ ഭേദമില്ലാതെ കര്‍മനിരതരായവര്‍ ഇന്ന് ആനുകുല്യങ്ങള്‍ക്കു വേണ്ടി സര്‍ക്കാരിന്റെ മുമ്പില്‍ സമരം ചെയ്യേണ്ട ഗതികേടിലാണ്. പുറത്തിറങ്ങാന്‍ എല്ലാവരും ഭയന്നിരുന്ന മഹാമാരിക്കാലത്തും ഉരുള്‍പൊട്ടലിന്റെയും പ്രളയത്തിന്റെയും ദുരന്തനാളുകളിലും സഹജീവികള്‍ക്കായി സദാ രംഗത്തുണ്ടായ സംസ്ഥാനത്തെ ആശാ വര്‍ക്കര്‍മാര്‍ ഓണറേറിയം വര്‍ധന ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തുന്ന സമരം രണ്ടാഴ്ച പിന്നിടുകയാണ്.
പിഎസ് സി ചെയര്‍മാന്റെ ശമ്പളം 2.26 ലക്ഷത്തില്‍ നിന്ന് 3.5 ലക്ഷമായി ഉയര്‍ത്തുന്നതിന് സാമ്പത്തിക ഞെരുക്കം സര്‍ക്കാരിന് തടസ്സമല്ല. അതേസമയം ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം പ്രതിമാസം 7000 രൂപ നല്‍കുന്നത് വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന് സാമ്പത്തികം തടസ്സമാണ്. ഇതു വഞ്ചനയാണ്. ആശാ വര്‍ക്കര്‍മാരെ കത്തിയെരിയുന്ന പൊരിവെയിലില്‍ നടത്തുന്ന സമരം എത്രയും വേഗം അവസാനിപ്പിക്കുന്നതിന് അവരുടെ ഓണറേറിയം വര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അവരുടെ സഹനസമരത്തിന് എല്ലാവിധ ഐക്യദാര്‍ഢ്യവും പ്രഖ്യാപിക്കുന്നതായും എം ഐ ഇര്‍ഷാന പറഞ്ഞു.